
തിരുവനന്തപുരം : നായകടിക്കുന്നവർക്ക് അടിയന്തര പ്രഥമ ശ്രുശ്രൂഷ ലഭ്യമാക്കാൻ 199 ആന്റി റാബിസ് ക്ലിനിക്കുകൾ ആരംഭിക്കുന്നു. ഇതിന് 1.99 കോടി രൂപ അനുവദിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. നായകളുടേയും വന്യമൃഗങ്ങളുടേയും കടി ഏൽക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് തീരദേശത്തും ട്രൈബൽ മേഖലയിലുമാണ് ആദ്യം ക്ലിനിക്കുകൾ ആരംഭിക്കുന്നത്. അഞ്ച് ആശുപത്രികളെ മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകളായി അടുത്തിടെ സർക്കാർ ഉയർത്തിയിരുന്നു. നായക കടിയേറ്റവർക്കുള്ള ചികിത്സാ ഒരു കുടക്കീഴിലാക്കാനാണ് മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകൾ ആരംഭിച്ചത്. അതുകൂടാതെയാണ് പുതിയ 199 ആന്റി റാബിസ് ക്ലിനിക്കുകൾ. മുറിവ് സോപ്പുപയോഗിച്ച് കഴുകാനുള്ള സ്ഥലം, വാക്സിനേഷൻ സൗകര്യം, മുറിവ് ശുശ്രൂഷിക്കാനുള്ള സ്ഥലം എന്നിവയുണ്ടാകും. ചികിത്സയ്‌ക്കെത്തുന്നവർക്ക് അവബോധവും കൗൺസലിംഗും നൽകും. പരിശീലനം ലഭിച്ച ജീവനക്കാരുണ്ടാകും. ഇവർക്ക് അനിമൽ ബൈറ്റ് മാനേജ്‌മെന്റ്, റാബീസിന് മുമ്പും ശേഷവുമുള്ള സേവനങ്ങൾ എന്നിവയിൽ വിദഗ്ദധ പരിശീലനവും നൽകും. വിദഗ്ദ്ധ ചികിത്സ ആവശ്യമായവർക്ക് റഫറൽ സേവനവും ലഭ്യമാക്കും.