
തിരുവനന്തപുരം: രാഹുൽഗാന്ധിയുടെ പ്രവർത്തശൈലിയിലെ വിയോജിപ്പ് തുറന്നുപറയാൻ ആർജവം കാണിച്ച നേതാവാണ് പി.ജെ. കുര്യനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യന്റെ സുഹൃത്തുക്കൾ ചേർന്ന് പുറത്തിറക്കിയ പ്രൊഫ. പി.ജെ. കുര്യൻ അനുഭവവും അനുമോദനവും എന്ന പുസ്കം ഹോട്ടൽ ഹിൽട്ടൺ ഗാർഡനിൽ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തനിക്ക് രാജ്യസഭ സീറ്റ് നിഷേധിച്ചപ്പോൾ അതിന്റെ പിന്നിലെ ഗൂഢാലോചന തുറന്നുപറയാൻ കുര്യൻ മടിച്ചില്ല. സത്യം ഉറക്കെ വിളിച്ചുപറയുന്ന ഉന്നതനിലവാരമുളള ജനാധിപത്യവാദിയാണ് കുര്യൻ. പാർട്ടിയിൽ ജനാധിപത്യം പുലർത്താനാണ് ജി 23 സംഘത്തിൽ ചേർന്നതെന്ന് പുസ്തകത്തിൽ പറയുന്നുണ്ട്. കുര്യനെ പോലുളള ധീരശബ്ദങ്ങൾ സമകാലിക രാഷ്ട്രീയത്തിൽ കുറവാണ്. വർഗീയതയുടെ ചെളിപുരളാത്ത നേതാവാണ് കുര്യൻ. അധികാരത്തിന്റെ അപ്പക്കഷണങ്ങൾ നുണയാൻ നേതാക്കൾ വെമ്പൽകൊളളുമ്പോൾ അതിനു വഴങ്ങാത്ത പാർലമെന്ററി പ്രവർത്തനമാണ് അദ്ദേഹം നിർവഹിച്ചത്. കുര്യൻ ഉപരാഷ്ട്രപതിയാകണമെന്ന് പ്രധാനമന്ത്രി ആഗ്രഹിച്ചിരുന്നു. ഇക്കാര്യം മുക്താർ അബ്ബാസ് നഖ്വി വഴിയാണ് കുര്യനെ അറിയിച്ചത്. എന്നാൽ, ബി.ജെ.പി പിന്തുണ കുര്യന് സ്വീകാര്യമല്ലായിരുന്നുവെന്നും പുസ്തകത്തിലെ മുക്താർ അബ്ബാസ് നഖ്വിയുടെ ലേഖനം പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു. പാർട്ടിയിൽ നിന്ന് നീരസമുണ്ടാക്കുന്ന പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും നിർഭയമായി അഭിപ്രായം പറയുന്ന നേതാവാണ് കുര്യനെന്ന് പുസ്തകം ഏറ്റുവാങ്ങിയ രമേശ് ചെന്നിത്തല പറഞ്ഞു.
ഡോ. ജോസഫ് മാർ ബർണബാസ് സഫഗ്രൻ മെത്രാപൊലീത്ത അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി.രാജീവ്, ജോസ് കെ.മാണി എം.പി, ആന്റോ ആന്റണി എം.പി, മോൻസ് ജോസഫ് എം.എൽ.എ, ലോക്സഭ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി.ആചാരി, മുൻ ഡി.ജി.പി പി.ജെ.അലക്സാണ്ടർ, പി.എൻ.പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ, ഫെസ്റ്റ്ക്രിഫ്റ്റ് ചെയർമാൻ ഡോ.എം.ജെ.ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.