c

തിരുവനന്തപുരം: ഇക്കഴിഞ്ഞ ജനുവരി മൂന്നിനാണ് പുളിയറക്കോണം തുരുത്തുമൂല സ്‌കൂളിന് സമീപം ' ഹരിചന്ദനം ' വീട്ടിൽ കിടപ്പുരോഗിയായ അമ്മയ്‌ക്കും ജ്യേഷ്ഠനുമൊപ്പം വാടകയ്‌ക്ക് താമസിച്ചിരുന്ന പ്രകാശ് അടുക്കളയിൽ തൂങ്ങി മരിച്ചത്. വിളപ്പിൽശാല പൊലീസ് മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചെങ്കിലും മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പ്രകാശിന് മർദ്ദനമേറ്റിരുന്നതായി കണ്ടെത്തി.

വ്യക്തി വിരോധം കാരണമായിരുന്നു ഇത്.

ആർ.എസ്.എസ് പ്രവർത്തകനായിരുന്ന പ്രകാശിനെ ചില പ്രശ്‌നങ്ങളുടെ പേരിൽ ശാഖയിൽ നിന്നടക്കം പുറത്താക്കിയതിന്റെ തുടർച്ചയായിരുന്നു മർദ്ദനമെന്നാണ് പൊലീസ് കണ്ടെത്തൽ. പിന്നീട് കേസന്വേഷണത്തിൽ തൃപ്‌തിയില്ലാതിരുന്ന പ്രകാശിന്റെ സഹോദരൻ പ്രശാന്ത് റൂറൽ എസ്.പിക്ക് പരാതി നൽകി. രണ്ടുമാസം മുമ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. തുടർന്ന് പ്രശാന്തിൽ നിന്ന് മൊഴി രേഖപ്പെടുത്തവേയാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം അഗ്നിക്കിരയാക്കിയ സംഭവത്തിൽ പുതിയ മൊഴി ലഭിച്ചതെന്നാണ് അന്വേഷണ സംഘം വിശദീകരിക്കുന്നത്.

ആശ്രമം അഗ്നിക്കിരയാക്കിയശേഷം ആദരാഞ്ജലികൾ എന്നെഴുതിയ റീത്ത് സമർപ്പിച്ചിരുന്നു. ഇത് പ്രകാശിന്റെ കൈയക്ഷരമെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. റീത്തിന്റെ ചിത്രങ്ങളിലെ കൈയക്ഷരവും പ്രകാശിന്റെ കൈയക്ഷരവും കണ്ട ചില വിദഗ്ദ്ധർ സംശയം പ്രകടിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. നാലുവർഷത്തിലേറെയായതിനാൽ ഫോൺ രേഖകളടക്കം പരിശോധിക്കാനും വെല്ലുവിളിയുണ്ടെന്ന് അവർ വ്യക്തമാക്കുന്നു. അതേസമയം മറ്റ് തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന. ചില മാദ്ധ്യമങ്ങളിൽ നേരിട്ടെത്തി പ്രതികരിച്ച പ്രശാന്തിനെ പിന്നീട് ഫോണിലും ലഭ്യമാകുന്നില്ലെന്ന് ആരോപണമുയർന്നു. ഇയാൾ നിലവിൽ വിളപ്പിൽശാല പ്രദേശത്താണ് വാടകയ്‌ക്ക് താമസമെങ്കിലും വിലാസമടക്കമുള്ള വിവരങ്ങൾ വ്യക്തമാക്കാൻ പൊലീസ് തയ്യാറായില്ല.

കത്ത് വിവാദം മുക്കാനെന്ന് ബി.ജെ.പി

മേയറുടെ കത്ത് വിവാദം മുക്കാനാണ് മരിച്ചയാളെ പ്രതിയാക്കി ആശ്രമം കത്തിച്ച കേസ് ഒതുക്കാൻ പൊലീസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. സർക്കാരിന്റെ നിർദ്ദേശപ്രകാരം പടച്ചുവിട്ട തിരക്കഥ പ്രകാരമാണ് പുതിയ അഭ്യാസം. തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്നും അവർ പറഞ്ഞു. ഈ തത്രപ്പാട് കേസ് അന്വേഷണത്തിൽ കാണിച്ചിരുന്നെങ്കിൽ യാഥാർത്ഥ പ്രതിയെ സംഭവത്തിന് പിന്നാലെ പിടികൂടാമായിരുന്നെന്നും ബി.ജെ.പി വ്യക്തമാക്കി.