
തിരുവനന്തപുരം: കമലേശ്വരം സ്‌കൂളിന് മുന്നിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തിലും ഏറ്റുമുട്ടലിലും ഒരു യുവാവിന് പരിക്കേറ്റു. സംഭവത്തിൽ പോക്സോ കേസ് പ്രതിയുൾപ്പെടെ രണ്ടുപേരെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. പൂന്തുറ പള്ളിത്തെരുവ് സ്വദേശി അഫ്സലിന്റെ (19) കാലിനാണ് ഗുരുതരമായി വെട്ടേറ്റത്.
കരിമഠം കോളനി സ്വദേശികളായ വിച്ചു എന്ന സൂര്യ (19),അപ്പൂസ് എന്ന സുധീഷ് (19) എന്നിവരെ പൊലീസ് അറസ്റ്റുചെയ്‌തു. ഇതിൽ സുധീഷിന്റെ പേരിൽ പോക്സോ കേസുണ്ട്. ആക്രമണത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറത്തായത്. ബുധനാഴ്ച വൈകിട്ടായതോടെ കമലേശ്വരം എച്ച്.എസ്.എസിനു സമീപം ഒരു സംഘം അഫ്സലിനെ ആക്രമിക്കുകയായിരുന്നു. അഫ്സലിന്റെ കാലിന് ഗുരുതര പരിക്കുണ്ട്. ബൈക്കിൽ രണ്ട് പൊലീസുകാർ വന്നപ്പോൾ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
അഫ്സലിനെ തടഞ്ഞുനിറുത്തുന്ന അക്രമിസംഘം കാലിൽ വെട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ടുദിവസം മുമ്പ് കമലേശ്വരം ഭാഗത്തുവച്ച് മുഖ്യപ്രതി കരിമഠം സ്വദേശി അശ്വിന്റെ സഹോദരന്റെ ബൈക്ക് തട്ടിയതുമായി ബന്ധപ്പെട്ട് ഇരുഭാഗവും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് മൊബൈലിലൂടെ ഇരുസംഘവും ഏറ്റുമുട്ടലിനുള്ള വെല്ലുവിളി ഉയർത്തി. കമലേശ്വരം സ്‌കൂളിന് മുന്നിലെത്താനായിരുന്നു ആഹ്വാനം. ഇവിടെ സംഘടിച്ചെത്തിയവരാണ് ഏറ്റുമുട്ടിയത്. ഇരുവിഭാഗത്തിനും അക്രമത്തിൽ മർദ്ദനമേറ്റു.പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ ആറുപേരെ ഇനിയും പിടികൂടാനുണ്ട്. പരിക്കേറ്റ അഫ്സൽ ശസ്ത്രക്രിയയ്ക്കുശേഷം മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുവിലാണ്. മറ്റുള്ള പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു.