തിരുവനന്തപുരം: കത്ത് വിവാദത്തിൽ നഗരസഭയും തലസ്ഥാനവും പ്രതിഷേധക്കളമാകുമ്പോൾ വലഞ്ഞത് ജനങ്ങൾ. നാല് ദിവസമായി തുടരുന്ന പ്രതിഷേധവും സംഘർഷവും കാരണം ജനങ്ങൾക്ക് ആവശ്യങ്ങൾക്കായി നഗരസഭയിലെത്താൻ സാധിക്കുന്നില്ല. രാവിലെ ഉദ്യോഗസ്ഥരും മേയറും വരുന്നതിന് മുമ്പുതന്നെ ആദ്യഘട്ടത്തിൽ ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധം ആരംഭിക്കും. സംഘർഷാവസ്ഥയാകുമ്പോൾ നഗരസഭയിലെ കവാടങ്ങളെല്ലാം അടച്ച് കൂടുതൽ പൊലീസുമെത്തി നഗരസഭ അങ്കണം വളയും. തുടർന്ന് അവരുടെ അനുവാദമുള്ളവർക്ക് മാത്രമേ അകത്ത് കയറാൻ സാധിക്കൂ. ഇതോടെ നഗരസഭയിൽ പൊതുജനങ്ങൾക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ല.
കൂടുതൽ വലയുന്നത്
സാമൂഹിക പെൻഷൻകാർ
പ്രതിഷേധം കാരണം നഗരസഭയിലെത്താൻ സാധിക്കാതെ ഏറ്റവുമധികം വലയുന്നത് സാമൂഹിക പെൻഷൻകാരാണ്. സർക്കാർ ഉത്തരവ് അനുസരിച്ച് 2019 ഡിസംബർ 31 വരെയുള്ള സാമൂഹിക സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരെ പെൻഷൻ ഗുണഭോക്തൃ പട്ടികയിൽ നിന്ന് സസ്‌പെൻഡ് ചെയ്യും. ഈ ആവശ്യങ്ങൾക്കെത്തുന്നവർക്ക് നാല് ദിവസമായി അകത്തേക്ക് കയറാൻ സാധിക്കുന്നില്ല.
പ്രതിഷേധങ്ങൾ പലതും സംഘർത്തിൽ കലാശിക്കുന്നതുകൊണ്ട് പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അവരെ നഗരസഭയിലേക്ക് കയറ്റിവിടുന്നതിൽ പൊലീസിനും പരിമിതിയുണ്ട്. വരുമാന സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനെ തുടർന്ന് തടയുന്ന പെൻഷൻ കുടിശിക ഗുണഭോക്താവിന് ലഭിക്കില്ല.
ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ,
കെട്ടിട നമ്പർ പെർമ്മിറ്റ് എന്നിവ മുടങ്ങി
ജനനം, മരണം, വിവാഹം എന്നിവയ്‌ക്ക് ദിനംപ്രതി 1500 സർട്ടിഫിക്കറ്റുകളുടെ അപേക്ഷയും വിതരണവും നഗരസഭയിൽ നടക്കുന്നുണ്ട്. എന്നാൽ ഈ നാല് ദിവസമായി നൂറിനു താഴെ മാത്രമേ വിതരണവും അപേക്ഷയും നടന്നുള്ളൂ. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടെയുള്ളവർക്കുള്ള കെട്ടിട നമ്പർ അപേക്ഷകളും അവതാളത്തിലായി. നികുതി അടയ്ക്കാൻ നഗരസഭയിലെത്തിയിരുന്നവർ ഇപ്പോൾ പുറത്തെ സെന്ററുകൾ വഴി നികുതി ഒടുക്കുകയാണ് ചെയ്യുന്നത്.
ഗതാഗത സ്‌തംഭനം
രാവിലെ മുതൽ സമരം ആരംഭിക്കുന്നതിനാൽ നഗരസഭാ പരിസരത്ത് പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നഗരസഭയ്ക്ക് മുന്നിലെ റോഡിൽ ബാരിക്കേഡ് നിരത്തിയാണ് യുവജന സംഘടനകളുടെ മാർച്ച് തടയുന്നത്. കവടിയാർ പേരൂർക്കട എന്നിവിടങ്ങളിൽ നിന്നും പി.എം.ജി പാളയം എന്നിവിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളും പോകുന്ന ഈ വഴി അടയ്ക്കുമ്പോൾ കുരുക്ക് രൂക്ഷമാകും. വഴി തിരിച്ചുവിടുന്ന ഇടറോഡുകളിലും ഇതേ അവസ്ഥയാണ്. ആശുപത്രി, സ്കൂൾ, കോളേജ്, ജോലി ആവശ്യങ്ങൾ എന്നിവയ്ക്കായി പോകുന്നവരും വലയുന്നുണ്ട്.