തിരുവനന്തപുരം: വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 പിൻവലിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുയർത്തി നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്‌സ് കേരള ഘടകം പട്ടം വൈദ്യുതി ഭവൻ മുതൽ രാജ്ഭവൻ വരെ വൈദ്യുതി മേഖലാ സംരക്ഷണ ചങ്ങല സൃഷ്ടിച്ചു.
രാജ്ഭവന് മുന്നിൽ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ആദ്യ കണ്ണിയും പട്ടം വൈദ്യുതിഭവന് മുന്നിൽ കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) സംസ്ഥാന ട്രഷററായ സജു എ.എച്ച് അവസാന കണ്ണിയുമായി. നാല് കിലോമീറ്റർ ദൂരത്തിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ 7500ലേറെ പേർ പങ്കെടുത്തു. രാജ്ഭവന്റെ മുന്നിൽ നടന്ന പൊതുയോഗം എളമരം കരീം ഉദ്ഘാടനം ചെയ്‌തു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.എൻ.ടി.യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി.
കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഹരിലാൽ, കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.ഗോപകുമാർ എന്നിവർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ ട്രേഡ് യൂണിയൻ,ഓഫീസേഴ്സ്,പെൻഷണേഴ്‌സ്,കോൺട്രാക്ടേഴ്സ് സംഘടനാ നേതാക്കളായ എം.ജി.സുരേഷ് കുമാർ, ബാലകൃഷ്ണപിള്ള, എം.ജി. അനന്തകൃഷ്ണൻ, പോൾ.പി.ആർ, എം.ഷാജഹാൻ, കെ.സി.സിബു, പി.എസ്.നായിഡു, എസ്.സീതിലാൽ, പ്രതീപ് നെയ്യാറ്റിൻകര എന്നിവർ സംസാരിച്ചു.