
തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ സ്വത്വം നിലനിർത്തി സ്ഥാപനത്തേയും തൊഴിലാളികളേയും സംരക്ഷിക്കുന്ന തരത്തിൽ പ്രവർത്തന ശൈലി മാറ്റണമെന്ന് ബി.എം.എസ് നാഷണൽ ഓർഗനൈസിംഗ് സെക്രട്ടറി ബി.സുരേന്ദ്ര പറഞ്ഞു. കെ.എസ്.ആർ.ടി.സിയിലെ ബി.എം.എസ് സംഘടനയായ കേരള സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വകാര്യ മേഖലയിൽ നിന്ന് യാത്രക്കാരെ ആകർഷിക്കാൻ കൃത്യമായ സമയക്രമം, ആകർഷകമായ പെരുമാറ്റം, മെച്ചപ്പെട്ട സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണം. സ്വിഫ്ട് സംവിധാനത്തിന്റെ പോരായ്മകൾ സമൂഹത്തെ ബോദ്ധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ടി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് ജി.കെ.അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ. രാജേഷ്, വർക്കിംഗ് പ്രസിഡന്റ് എസ്. അജയകുമാർ ട്രഷറർ എസ്. ശ്രീകുമാർ, സംസ്ഥാന സെക്രട്ടറിമാരായ കെ.എൽ. യമുനാദേവി, ആർ.എൽ.ബിജുകുമാർ എന്നിവർ സംസാരിച്ചു.
ഇന്ന് കോട്ടയ്ക്കകം പ്രിയദർശിനി ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം ബി.എം.എസ് ദേശീയ സംഘടനാ സെക്രട്ടറി രവീന്ദ്ര ഹിമ്‌തേ ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു, കെ.എസ്.ആർ.ടി.സി മേധാവി ബിജുപ്രഭാകർ എന്നിവർ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷൻ സമീപത്ത് പൊതുയോഗം നടക്കും.