1

പൂവ്വാർ: അരുമാനൂരിലെ പൂവാർ കൃഷിഭവൻ പുനർ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രവർത്തന രഹിതമായതോടെ കാട് മൂടിയ കെട്ടിടം ഇപ്പോൾ ഇഴജന്തുക്കളുടെ താവളമാണ്. അതുവഴി നടന്നു പോകാൻ പോലും പ്രദേശവാസികൾക്ക് ഭയമാണ്. കെട്ടിടത്തിന്റെ ചുവരുകൾ വിണ്ടുകീറിയും തൂണുകൾ പൊട്ടിപ്പൊളിഞ്ഞും കോൺക്രീറ്റിനുള്ളിലെ കമ്പികൾ ദ്രവിച്ച് പുറത്തേക്ക് തള്ളിയും അപകടാവസ്ഥയിലായിട്ട് വർഷങ്ങളായി. ജനാലകളും വാതിലുകളും ഇളകിമാറിയ അവസ്ഥയിലാണ്. കോൺക്രീറ്റ് കെട്ടിടത്തിന്റെ സൺഷെയ്ഡ് മഴുവൻ പൊളിഞ്ഞ് മാറിയിട്ടുണ്ട്. ശക്തമായ കാറ്റിലോ മഴയിലോ കെട്ടിടം ഇടിഞ്ഞ് വീഴുമെന്ന ഭയം ജീവനക്കാരിൽ ശക്തി പ്രാപിച്ചപ്പോഴാണ് താത്കാലികമായി ഓഫീസിന്റെ പ്രവർത്തനം അരുമാനൂർ ജംഗ്ഷനിലെ എസ്.എൻ.എസ് ഗ്രന്ഥശാലയിലേയ്ക്ക് മാറ്റിയത്. വർഷം 5 കഴിഞ്ഞിട്ടും കൃഷിഭവൻ നവീകരിക്കാനോ പുനർ നിർമ്മിക്കാനോ പഞ്ചായത്ത് ഭരണസമിതി തയാറാകുന്നില്ല എന്നാണ് ആക്ഷേപം. കൃഷിഭവന്റെ പ്രവർത്തനം വ്യാപകമായതോടെ ഗ്രന്ഥശാലയുടെ പ്രവർത്തനം അവതാളത്തിലായി. ഇപ്പോൾ കൃഷിഭവനും ഗ്രന്ഥശാലയും നവീകരിക്കേണ്ട അവസ്തയാണുള്ളതെന്ന് നാട്ടുകാർ പറയുന്നു.

 കാരണം നിർമ്മാണത്തിലെ അപാകത

1996-ൽ അരുമാനൂർ നയിനാർദേവ ക്ഷേത്ര യോഗമാണ് അഞ്ച് സെന്റ് ഭൂമി കൃഷിഭവൻ നിർമ്മിക്കാനായി ഗ്രാമ പഞ്ചായത്തിന് വിട്ടുനൽകിയത്. അന്ന് എം.എൽ.എ യായിരുന്ന ഡോ. എ. നീലലോഹിതദാസിന്റെ ശ്രമഫലമായാണ് അരുമാനൂരിൽ പൂവാർ കൃഷിഭവൻ സ്ഥാപിതമാകുന്നത്. എന്നാൽ നിർമ്മാണം നടന്ന് 10 വർഷം പിന്നിട്ടപ്പോഴേക്കും കെട്ടിടം തകർച്ചയിലേക്ക് പോവുകയായിരുന്നു. നിർമ്മാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്ന് ആക്ഷേപമുയരുന്നു.

 നിർമ്മാണം നീളുന്നു

പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യം കൃഷി വകുപ്പിനെ കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി അറിയിച്ചിട്ടുള്ളതാണ്. എന്നാൽ ഗ്രാമ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ കെട്ടിട നിർമ്മാണം നടത്തുന്നതിനുള്ള ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച് പഞ്ചായത്തും കൃഷി വകുപ്പും പരസ്പരം പഴിചാരി നിർമ്മാണം നീട്ടിക്കൊണ്ടു പോകുന്നതായാണ് സൂചന. കൃഷി വകുപ്പ് ഫണ്ട് നൽകിയാൽ മാത്രമേ പുതിയ കെട്ടിടം നിർമ്മിക്കാൻ കഴിയൂവെന്നാണ് പൂവാർ പഞ്ചായത്ത് അധികൃതർ പറയുന്നത്.