1

പോത്തൻകോട്: കാട്ടായിക്കോണത്ത് കാറുകൾ കൂട്ടിയിടിച്ച് ഒരു കുഞ്ഞുൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ഇന്നലെ വെളുപ്പിന് 3.30ഓടെ കാട്ടായിക്കോണം ജംഗഷനിലായിരുന്നു അപകടം. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വെഞ്ഞാറമൂട്ടിലേക്ക് പോയ സ്വിഫ്റ്റ് കാറും പോത്തൻകോട് നിന്ന് കഴക്കൂട്ടത്തേക്ക് പോയ ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്.

നിയന്ത്രണംവിട്ട സ്വിഫ്റ്റ് കാർ വലതുവശത്തേക്ക് കയറി ഇന്നോവ കാറിൽ ഇടിക്കുകയായിരുന്നു. സ്വിഫ്റ്റ് കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ അഘാതത്തിൽ ഇരുകാറുകളുടെയും മുൻഭാഗം പൂർണമായും തകർന്നു. അരുൺ (25), സുരഭി(31), വിനീഷ് (29), രാധാകൃഷ്ണൻ (57), മധുസുദൻ (60), ദിവ്യ (32), ധീരജ് (28) എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും നിഖിൽ, അബിൻ എന്നിവർ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിലും അദ്വൈത് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും ചികിത്സയിലാണ്. പരിക്കേറ്റവരെല്ലാം അപകടനില തരണം ചെയ്തതായി പോത്തൻകോട് പൊലീസ് പറഞ്ഞു.