chandala

മുടപുരം: മഹാകവി കുമാരനാശാന്റെ വിഖ്യാത കൃതിയായ ചണ്ഡാലഭിക്ഷുകി പ്രസിദ്ധീകരിച്ചതിന്റെ ശതാബ്ദിയാഘോഷം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നടന്ന സമ്മേളനത്തിൽ വി. ശശി എം.എൽ.എ അദ്ധ്യക്ഷനായി.

മഹാകവി കുമാരനാശാന്റെ ഒരു വർഷം നീണ്ടു നിലക്കുന്ന 150-ാം ജന്മവാർഷികാഘോഷ പരിപാടികളുടെ ഭാഗമായി സാംസ്‌കാരിക വകുപ്പും തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ദേശീയതലത്തിൽ സെമിനാറുകൾ, സിമ്പോസിയങ്ങൾ, ആശാൻ കൃതികളുടെ പുതിയ പതിപ്പുകളുടെ പ്രകാശനം, പ്രബന്ധരചന-കാവ്യാലാപനം-കാവ്യ രചന തുടങ്ങി വിവിധ മത്സരങ്ങൾ, ദേശീയകവി സമ്മേളനം, ആശാൻ കവിതകളുടെ വ്യത്യസ്ത രംഗാവതരണങ്ങൾ തുടങ്ങിയവ നടന്നു വരുന്നു.

കേരള സർവകലാശാല അദ്ധ്യാപകൻ ഡോ. എം.എ. സിദ്ധിഖ് ശതാബ്‌ദി പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്‌ മെമ്പർ എം. ജലീൽ, ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ പ്രൊഫ.വി.മധുസൂദനൻ നായർ, മധു മുല്ലശേരി, പ്രൊഫ.പി. ജയകുമാർ, ഡോ.കെ. അജിത്‌, ബി. വിമൽകുമാർ, വി.ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. ബിപിൻചന്ദ്രപാൽ ചണ്ഡാലഭിക്ഷുകി കഥാപ്രസംഗം അവതരിപ്പിച്ചു.