road

കിളിമാനൂർ: മണ്ഡലങ്ങൾ 3, പഞ്ചായത്തുകൾ 3, നിരവധി വാർഡുകൾ എങ്കിലും -തൊളിക്കുഴി-കല്ലറ റോഡിന്റെ വികസനം പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇഴയുകയാണ്. തിരുവനന്തപുരം -കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന മലയോര പാതയ്‌ക്കാണ് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഈ ഗതി. കെ.എസ്.ആർ.ടി.സി അടക്കം പത്തോളം ബസ് സർവീസുകളും സ്കൂൾ ബസുകളും മറ്റും കടന്നുപോകുന്ന പാതയാണിത്. ചടയമംഗലം, ആറ്റിങ്ങൽ, വാമനപുരം നിയോജക മണ്ഡലങ്ങളിലൂടെയും പഴയകുന്നുമ്മേൽ, കുമ്മിൾ, കല്ലറ പഞ്ചായത്തുകളിലൂടെയുമാണ് റോഡ് കടന്നു പോകുന്നത്.

പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച റോഡിന് ഒരു അടി പോലും വീതി കൂട്ടാൻ അധികൃതർ ആരും ഇതുവരെ തയാറായില്ല. ആയിരക്കണക്കിന് കുടുംബങ്ങളാണ് റോഡിനിരുവശവും താമസിക്കുന്നത്. പലയിടങ്ങളിലും സ്വകാര്യ വ്യക്തികൾ റോഡ് കൈയേറിയാണ് മതിലുകളും വീടും മറ്റും നിർമ്മിച്ചിരിക്കുന്നത്. എതിരെ വാഹനങ്ങൾ വന്നാൽ റോഡരികിലെ ചാലുകളിലും മറ്റും ഒതുക്കിയാണ് സൈഡ് കൊടുക്കുന്നത്. മഴപെയ്താൽ വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാതെ തടാകം പോലാകും. ഇതുകാരണം കൽനടക്കാർക്കുപോലും വഴിനടക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷയും സ്ഥിരം അപകടത്തിൽപ്പെടുന്നത് പതിവാണ്.

ജീവൻ പണയംവച്ച് യാത്ര

തൊളിക്കുഴി, മുണ്ടൊണിക്കര എന്നിവിടങ്ങളിലായി കാലപ്പഴക്കം ചെന്ന് അപകടവസ്ഥയിലായ മൂന്ന് പാലങ്ങളും ഉണ്ട്. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും ഉള്ള റോഡിലൂടെ ആളുകൾ ജീവൻ പണയം വച്ചാണ് അപകടകരമായ അവസ്ഥയിൽ വാഹനങ്ങളിൽ പോകുന്നത്. കടയ്ക്കൽ താലൂക്ക് ആശുപത്രി, കല്ലറ തറട്ട ആശുപത്രി, അടയമൺ പ്രൈമറി ഹെൽത്ത്‌ സെന്റർ എന്നിവിടങ്ങളിലേക്ക് നിത്യവും ഈ റോഡിലൂടെ സഞ്ചരിച്ചാണ് നിരവധി ആളുകൾ ചികിത്സ തേടിയെത്തുന്നത്. കിളിമാനൂർ, കടയ്ക്കൽ, കല്ലറ, അടയമൺ സ്കൂളിലെ നൂറുകണക്കിന് വിദ്യാർത്ഥികളും ഈ റോഡിനെ ആശ്രയിക്കുന്നു. ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.