
വിതുര: പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിലെ പ്രമുഖജംഗ്ഷനായ വിതുര കലുങ്ക് ഇരുട്ടിന്റെ പിടിയിലായി. ജംഗ്ഷനിൽ വർഷങ്ങളായി വെള്ളിവെളിച്ചം വിതറിയിരുന്ന ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചതോടെയാണ് ജംഗ്ഷനിൽ ഇരുൾ പടർന്നത്. മൂന്ന് വർഷമായി ജംഗ്ഷൻ സന്ധ്യമയങ്ങിയാൽ കൂരിരിട്ടിന്റെ പിടിയിലാണ്. ലൈറ്റ് കത്തിക്കണമെന്നാവശ്യപ്പെട്ട് ജംഗ്ഷനിലെ വ്യാപാരിവ്യവസായികൾ അനവധി തവണ പഞ്ചായത്തിലും വൈദ്യുതി ഓഫീസിലും പരാതികൾ നൽകിയെങ്കിലും നിരാശയായിരുന്നു ഫലം. മാത്രമല്ല ലൈറ്റ് കത്തിക്കണമെന്നാവശ്യപ്പെട്ട് അനവധി സമരപരമ്പരകളും അരങ്ങേറി. ഹൈമാസ്റ്റിൽ റീത്ത് വച്ച് വരെസമരം സംഘടിപ്പിച്ചു. അനവധി പ്രതിഷേധസമരങ്ങൾ അരങ്ങേറിയെങ്കിലും അധികാരികൾ കണ്ണ് തുറന്നില്ല. നിലവിൽ ഹൈമാസ്റ്റ് ലൈറ്റ് നോക്കുകുത്തിയായി ഗതാഗതതടസം സൃഷ്ടിച്ച് നിൽക്കുകയാണ്. സന്ധ്യമയങ്ങിയാൽ വ്യാപാരസ്ഥാപനങ്ങളിലെ വെളിച്ചം മാത്രമാണ് ജംഗ്ഷനിൽ. പത്തോളം ധനകാര്യസ്ഥാപനങ്ങളും നൂറിൽപരം വ്യാപാരസ്ഥാപനങ്ങളും ജംഗ്ഷൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ട്.
ഇരുട്ടിൽ തപ്പി
വിതുരയുടെ ഹൃദയഭാഗം കൂടിയാണ് കലുങ്ക് ജംഗ്ഷൻ. മാത്രമല്ല പൊൻമുടി, പേപ്പാറ, കല്ലാർ, ബോണക്കാട് എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികളുടെ ഇടത്താവളം കൂടിയാണ് ജംഗ്ഷൻ. ടൂറിസ്റ്റുകൾ കലുങ്ങ് ജംഗ്ഷനിലിറങ്ങി ഭക്ഷണവും, വിശ്രമവും കഴിഞ്ഞാണ് വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് പോകുന്നത്. ഹൈമാസ്റ്റ് മിഴിയടച്ചതോടെ രാത്രിയിൽ ജംഗ്ഷനിൽ ബസിറങ്ങുന്ന യാത്രക്കാരും ഇരുട്ടിൽ തപ്പേണ്ട സ്ഥിതിയിലാണ്. ഇടയ്ക്ക് ജംഗ്ഷനിൽ രണ്ടിടങ്ങളിൽ തെരുവ് വിളക്ക് സ്ഥാപിച്ചെങ്കിലും ഒരുമാസം പിന്നിട്ടപ്പോൾ കേടാകുകയായിരുന്നു.
ഇരുട്ടിന് കൂട്ടായി മോഷണവും
ഹൈമാസ്റ്റ് മിഴിയടച്ചതോടെ ജംഗ്ഷനിലും, പരിസരപ്രദേശങ്ങളിലും മോഷണവും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും വർദ്ധിച്ചു. ജംഗ്ഷന് പുറമേ വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ മിക്കമേഖലകളിലും സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളും കത്തുന്നില്ലെന്നും പരാതിയുണ്ട്. കേടാകുന്ന ലൈറ്റുകൾ യഥാസമയം കത്തിക്കാൻ പഞ്ചായത്തുകൾ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
തെരുവ്നായശല്യവും
ജംഗ്ഷനിൽ തെരുവ്നായകളുടെ ശല്യവും രൂക്ഷമായിട്ടുണ്ട്. പകൽസമയത്തുപോലും ജംഗ്ഷനിൽ ഇവയുടെ വിളയാട്ടമാണ്. മാസങ്ങളായി ഇതാണ് അവസ്ഥ. രാത്രിയിൽ ജംഗ്ഷനിൽ ബസിറങ്ങിയവരെ നായകൾ കടിക്കുന്നതും പതിവാണ്. നായകൾ വഴിപോക്കരെ ആക്രമിക്കുകയും പതിവാണ്. ഇത് സംബന്ധിച്ച് അനവധി തവണ പഞ്ചായത്തിൽ പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.