തിരുവനന്തപുരം: ജയൻ സാംസ്‌കാരികവേദിയുടെ 14-ാം ജയൻ രാഗമാലിക പുരസ്‌കാരത്തിന് സംഗീത സംവിധായകൻ എം.ജയചന്ദ്രൻ അർഹനായി. സംഘടനയുടെ പ്രഥമ ചലച്ചിത്ര പുരസ്‌കാരങ്ങളും മാദ്ധ്യമ പുരസ്‌കാരങ്ങളും ജയൻ സാംസ്‌കാരികവേദി രക്ഷാധികാരിയും ഗാനരചയിതാവും സംവിധായകനും കവിയുമായ ശ്രീകുമാരൻ തമ്പി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. വിനീത് ശ്രീനിവാസൻ ഒരുക്കിയ 'ഹൃദയ'ത്തിനാണ് മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം. ഹോമിലെ പ്രകടനത്തിലൂടെ ഇന്ദ്രൻസ് മികച്ച നടനായും സാറാസിലെ അഭിനയത്തിലൂടെ അന്ന ബെൻ മികച്ച നടിയുമായി. ജൂഡ് ആന്റണിയാണ് (ചിത്രം-സാറാസ്) മികച്ച സംവിധായകൻ. നിർമ്മാതാവ്: ജോബി പി.സാം (ജിബൂട്ടി). മികച്ച സംഗീത സംവിധായകൻ: ദീപക്‌ദേവ് (ജിബൂട്ടി). മികച്ച സംഗീത നിരൂപകനുള്ള പുരസ്‌കാരം ദിഫോർത്തിലെ രവിമേനോന് നൽകും. 16ന് വൈകിട്ട് നാലിന് വെള്ളയമ്പലം പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ പുരസ്കാരം വിതരണം ചെയ്യും. ഭാരവാഹികളായ കല്ലിയൂർ ശശി, സുകു പാൽക്കുളങ്ങര, ജഗ്ഗീർ ബാബു, ബിജു, മോനീ കൃഷ്ണ, വർക്കല രാജീവ്, എസ്.സജീവ്, ഷാജഹാൻ, ബാബു ചാല എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.