
നെടുമങ്ങാട് ; യൂണിഫോമണിഞ്ഞ് ബാഗും തൂക്കി സ്‌കൂളിലേക്ക് നടക്കുന്നതിനിടെയാണ് ആറാം ക്ളാസുകാരൻ നന്ദു ഒരു വിളി കേട്ടത്. തിരിഞ്ഞുനോക്കിയതും കൈയിൽ ഒരു പൊതിയുമായി തന്റെ നേരെ നടന്നടുക്കുന്ന ഒരു അപരിചിതനെയാണ് അവൻ കണ്ടത്. അടുത്തെത്തി പരിചയപ്പെട്ടശേഷം നന്ദുവിന് ഒരു ലഹരി പദാർത്ഥം ഇയാൾ സമ്മാനിക്കുകയും അത് ഉപയോഗിക്കാൻ നിർബന്ധിക്കുകയും ചെയ്‌തു. കൈയിൽ നൽകിയ സാധനം എന്താണെന്ന് പെട്ടെന്ന് മനസിലായില്ലെങ്കിലും സ്‌കൂളിൽ അദ്ധ്യാപകർ പറഞ്ഞ ലഹരി വിരുദ്ധ പാഠങ്ങൾ മനസിലോർത്തതോടെ അതുമായി നന്ദു സ്‌കൂളിലേക്ക് ഓടി. അദ്ധ്യാപകരുടെ കൈയിൽ ഏൽപ്പിച്ച് വിവരം പറഞ്ഞതോടെ ലഹരിക്കെതിരെയുള്ള യുദ്ധത്തിൽ താനും പങ്കാളിയായതായി നന്ദു തിരിച്ചറിഞ്ഞു. രണ്ടാഴ്ച മുൻപായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് അദ്ധ്യാപകർ പൊലീസിനെ അറിയിച്ചതോടെ പനയ്‌ക്കോട് വി.കെ.കാണി ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായ നന്ദുവിനെ അനുമോദിക്കാൻ ആര്യനാട് ജനമൈത്രി പൊലീസ് തീരുമാനിച്ചു. മുതിയൻകാവ് സ്വദേശികളായ ഷിജു - ദീപ ദമ്പതികളുടെ മകനായ നന്ദുവിന് സബ് ഇൻസ്‌പെക്ടർ ഷീന ഉപഹാരം സമ്മാനിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന 'യോദ്ധാവ്' പദ്ധതിയുടെ ഭാഗമായി നന്ദു മാറിയതായി ഇവർ പറഞ്ഞു. ഹെഡ്മിസ്ട്രസ് അനിതകുമാരി, പി.ടി.എ പ്രസിഡന്റ് കെ.ജെ.ശ്രീജിത്ത്, ജനമൈത്രീ കമ്മിറ്റി അംഗങ്ങളായ ബി.സനകൻ, പ്രേമൻ ,അനിൽകുമാർ, റഹിം, ജയമോഹൻ,ശർമ്മ, അബുസാലി, ബാലകൃഷ്ണൻ, സെൽവരാജ് തുടങ്ങിയവർ പങ്കെടുത്തു.