photo

സമയബന്ധിതമായി സ്ഥാനമൊഴിയണമെന്ന് കേരളത്തിലെ ഏതാനും യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാർക്ക് അന്ത്യശാസനാ രൂപത്തിലുള്ള ഒരു സന്ദേശം ഗവർണർ നൽകിയല്ലോ. സുപ്രീംകോടതിയുടെ 21-10-2022ലെ വിധിയുടെ അടിസ്ഥാനത്തിലാണ്, ഗവർണർ വി.സിമാരോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടത്. യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായ വി.സി നിയമനങ്ങൾ, നിയമസാധുതയില്ലാത്തതാണെന്ന സുപ്രീംകോടതി നിരീക്ഷണമാണ്, വി.സിമാർ സ്ഥാനമൊഴിയാൻ ഗവർണർ ആവശ്യപ്പെടാൻ കാരണം.

എന്നാൽ വി.സിമാർക്ക് പറയാനുള്ളത് കേൾക്കാതെ സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടത് സ്വാഭാവികനീതിയുടെ ലംഘനമാണെന്നുള്ള ഒരു വലിയ വിമർശനം പല കോണുകളിൽ നിന്നും വന്നു. സ്വാഭാവികനീതി ലഭിച്ചില്ലെന്ന കാരണവും മറ്റു ചില കാരണങ്ങളും ഉന്നയിച്ച് വി.സിമാർ ഗവർണറുടെ നടപടിയെ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. എന്നാൽ സ്വാഭാവിക നീതിയുടെ പ്രാധാന്യം പരിഗണിച്ച്, വി.സിമാർ ഹൈക്കോടതിയെ സമീപിക്കുന്നതിന് മുൻപ് തന്നെ, വി.സിമാരെ തൽസ്ഥാനത്തുനിന്ന് പിരിച്ചുവിടുന്നതിന് എതിരെ, അവർക്ക് എന്തെങ്കിലും വിശദീകരണം നൽകാനുണ്ടെങ്കിൽ സമയം അനുവദിച്ചുകൊണ്ട്, ഗവർണർ രണ്ടാമതൊരു നോട്ടീസ് നൽകി. ഇത് സാമൂഹിക നീതിയുടെ തത്വങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താൻ കൂടിയാണ്. ഈ നോട്ടീസിനെതിരെയും വി.സിമാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ സന്ദർഭത്തിൽ എന്താണ് സാമൂഹ്യനീതിയെന്നും അതിന്റെ പ്രാധാന്യമെന്തെന്നും അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും

ആധുനിക നീതിനിർവഹണത്തിൽ സ്വാഭാവിക നീതിക്കുള്ള സ്ഥാനം വളരെ വലുതാണ്. സ്വാഭാവിക നീതി എന്നാൽ പ്രകൃതിദത്തമായ ശരിയിലും, ധർമ്മത്തിലും, യുക്തിയിലും സദാചാരത്തിലും ന്യായയുക്തതയിലും, നിഷ്പക്ഷതയിലും മറ്റുമായി ലഭിക്കുന്ന നീതി എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രകൃതിനിയമങ്ങൾ തന്നെയാണ് കാലാന്തരത്തിൽ പുരോഗതി പ്രാപിച്ച് പരിഷ്കൃതരാജ്യങ്ങളിൽ സ്വാഭാവികനീതിയായി പരിണമിച്ചത്. വ്യക്തമായ നിയമസംഹിതകൾ നിലവിലില്ലാതിരുന്ന സന്ദർഭങ്ങളിൽ പ്രകൃതിനിയമങ്ങൾക്ക് അനുസരണമായി അതായത് ന്യായവും ധർമ്മവും അടിസ്ഥാനമാക്കി നീതിന്യായനിർവാഹകർ വിധികൾ പുറപ്പെടുവിക്കുക സർവസാധാരണമായിരുന്നു. മനുഷ്യമനസിനെ പാകപ്പെടുത്താനും നേർവഴിക്ക് ചലിപ്പിക്കാനും വേണ്ടി, മനുഷ്യസ്വഭാവ രൂപീകരണ സമയത്ത് ദൈവം നൽകിയ പ്രചോദനത്തിന്റെയും, എക്കാലവും നിലനില്ക്കുന്നതുമായ സദാചാര സന്മാർഗത്തിന്റെയും സത്താണ് പ്രകൃതിനിയമങ്ങൾ എന്ന് പഴമക്കാർ വിശ്വസിച്ചിരുന്നു.

ഇന്ന് പ്രത്യേകിച്ച് ജനാധിപത്യരാജ്യങ്ങളിൽ, സ്വാഭാവികനീതി ലക്ഷ്യമിടുന്നത് രണ്ട് അടിസ്ഥാനതത്വങ്ങളുടെ പ്രാധാന്യം കേന്ദ്രീകരിച്ചാണ്. ഒന്നാമതായി ആരും സ്വന്തം കേസിൽ വിധികർത്താവാകാൻ പാടില്ല. അതായത് ആരും അയാൾക്ക് വ്യക്തിപരമായി താത്‌പര്യമുള്ള കേസിൽ വിധികർത്താവാകരുത്.

സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്വങ്ങളിൽ രണ്ടാമതായിട്ടുള്ളത്, ഒരു കേസിൽ ഇരുഭാഗത്തേയും നി യമാനുസൃതം കേട്ടതിന് ശേഷമേ ന്യായാധിപൻ വിധി പ്രഖ്യാപിക്കാവൂ. അതായത് ഒരാൾ കുറ്റക്കാരനെന്ന് ന്യായാധിപൻ വിധിക്കുന്നതിന് മുമ്പ് കുറ്റാരോപിതന് പറയാനുള്ളത് നിർബന്ധമായും കേട്ടിരിക്കണം. ഈ തത്വം നീതിന്യായ കോടതികൾക്കും അർദ്ധനീതിന്യായ കോടതികൾക്കും, നിയമപരമായ സമീപനത്തിലൂടെ അന്വേഷിച്ച് തീരുമാനത്തിലെത്തുന്ന ഏതൊരു ഭരണപരമായ തീരുമാനത്തിനും ബാധകമാണ്. ന്യായാധിപന്മാരുടെ ഏകപക്ഷീയവും പക്ഷപാതപരമായതും, സത്യസന്ധത ഇല്ലാത്തതുമായ തീരുമാനങ്ങൾ ഉണ്ടാകാതിരിക്കാനും അതിന്റെ തിക്തഫലങ്ങൾ കുറ്റാരോപിതൻ അനുഭവിക്കാതിരിക്കുവാനും കൂടി വേണ്ടിയാണ് സ്വാഭാവികനീതി പ്രോത്സാഹിപ്പിക്കപ്പെടുന്നത്. കുറ്റാരോപിതന് എന്താണ് അയാൾ ചെയ്ത കുറ്റമെന്നറിയാൻ അവകാശമുണ്ട്. അങ്ങനെയുള്ള കുറ്റാരോപിതന് വ്യവസ്ഥാപിത മാർഗത്തിൽകൂടി ബന്ധപ്പെട്ടവർ അയാൾ ചെയ്ത കുറ്റത്തെപ്പറ്റി മുന്നറിയിപ്പ് നൽകേണ്ടതാണ്. എന്നാൽ മാത്രമേ തനിക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾക്ക് യഥാവിധി മറുപടി നൽകാൻ അയാൾക്ക് കഴിയൂ. കുറ്റാരോപിതന് നിയമാനുസരണം പറയാനുള്ളത് മുഴുവൻ പറയുന്നതിന് അവസരം നൽകുകയും അവ കേട്ടതിനുശേഷം നീതിപൂർവമായ വിധി ന്യായാധിപൻ പ്രഖ്യാപിക്കേണ്ടതുമാകുന്നു. മറിച്ചായാൽ അത്തരം വിധികൾ സ്വാഭാവിക നീതിയുടെ ലംഘനമായി പരിഗണിക്കപ്പെടുകയും അവ ഉപരികോടതികളിൽ ചോദ്യം ചെയ്യപ്പെടുവാൻ കാരണമാവുകയും ചെയ്യും.

വിധി പ്രഖ്യാപിക്കുമ്പോൾ നീതിന്യായനിർവഹകർ അവർ എത്തിച്ചേർന്ന അന്വേഷണഫലത്തിന്റെ കാരണങ്ങൾ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. ഒരുദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികൾ നടത്തുമ്പോൾ സ്വാഭാവികനീതി നിർബന്ധമായി പാലിക്കേണ്ടതും, അവസാന തീരുമാനത്തിലെത്തുമ്പോൾ അതിന്റെ കാരണങ്ങൾ രേഖകളിൽ ബന്ധപ്പെട്ട അധികാരി വ്യക്തമായി ഉൾപ്പെടുത്തേണ്ടതുമാണ്. ഭരണപരമായ ഉത്തരവുകൾ പൗരന്റെ അവകാശത്തെ പ്രതികൂലമായി ബാധിക്കാൻ സാദ്ധ്യതയുണ്ടെങ്കിൽ അങ്ങനെയുള്ള ഉത്തരവുകൾ സ്വാഭാവികനീതിയുടെ തത്ത്വങ്ങൾ അനുസരിച്ചുവേണം പുറപ്പെടുവിക്കാൻ.

സ്വാഭാവിക നീതിയുടെ ആവശ്യകതയും പ്രാധാന്യവും ലക്ഷ്യമിടുന്നത് നീതിന്യായ നിർവാഹകർ ഏകപക്ഷീയവും സ്വേച്ഛാധിപരവുമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് അവരെ തടയുക, നീതിനിർവഹണം ദുർവിനിയോഗം ചെയ്യാതിരിക്കാൻ അവരെ പ്രേരിപ്പിക്കുക തുടങ്ങിയവയാണ്. സ്വാഭാവികനീതി നിലവിലുള്ള നിയമങ്ങൾക്ക് പകരമുള്ളതല്ല, മറിച്ച് നിലവിലുള്ള നിയമങ്ങൾ മെച്ചപ്പെടുത്താനും ശക്തിപ്പെടുത്താനും വേണ്ടിയുള്ളതാണ്. അതുകൊണ്ട് തന്നെയാണ് അന്താരാഷ്ട്ര തലത്തിൽ, പ്രത്യേകിച്ച് ജനാധിപത്യ രാജ്യങ്ങളിൽ സ്വാഭാവിക നീതിയുടെ പ്രാധാന്യം വർദ്ധിച്ചുവരുന്നത്.

കേരളത്തിലെ ചില യൂണിവേഴ്സിറ്റി വി.സിമാർ സ്ഥാനം ഒഴിയണമെന്ന്, ആവശ്യപ്പെട്ടത്, അവരുടെ നിയമനങ്ങൾക്ക് ആരംഭത്തിൽതന്നെ നിയമസാധുതയില്ലാ എന്നുള്ളതുകൊണ്ടാണെന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ എടുത്തുപറയേണ്ട ഒരു വസ്തുത ഈ വി.സിമാർ എന്തെങ്കിലും കുറ്റം ചെയ്തതുകൊണ്ടല്ല, അവർ സ്ഥാനം ഒഴിയണമെന്ന് ഗവർണർ ആവശ്യപ്പെടുന്നത്. മറിച്ച് നമ്മുടെ പരമോന്നത കോടതിവിധിയുടെ വ്യാഖ്യാന പ്രകാരമാണ്. വളരെ രസകരമായ വസ്തുത, ചില രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണെങ്കിലും, ഈ വി.സിമാരെ നിയമിച്ചത് ഗവർണറാണ് എന്നതാണ്.