
പാലോട്: കഴിഞ്ഞ കുറച്ച് കാലങ്ങളായി ആദിവാസി മേഖലയുടെ ആശ്രയമായ പാലോട് സർക്കാർ ആശുപത്രി പ്രവർത്തനങ്ങൾ അവതാളത്തിലാണ്. രാത്രിയിൽ ഡോക്ടറുമില്ല നഴ്സുമില്ല. ഇത് ആശുപത്രിയിലെ സ്ഥിരം കാഴ്ചയായി മാറിക്കഴിഞ്ഞു. നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ഉദ്ഘാടന മാമാങ്കങ്ങൾ തകൃതിയായി നടക്കുന്നുണ്ടെങ്കിലും ചികിത്സ ആവശ്യമുള്ളവർക്ക് മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണ്. ത്രിതല പഞ്ചായത്തുകളുടെ ഫണ്ടിൽ നിന്ന് രണ്ട് കോടിയോളം ചെലവഴിച്ച് ആധുനിക സൗകര്യങ്ങൾ പൂർത്തീകരിച്ച ആശുപത്രിക്കാണ് ഇന്ന് ഈ ദുരവസ്ഥ. ഡി അഡിക്ഷൻ യൂണിറ്റ്, പാലിയേറ്റിവ് കെട്ടിടം, ഡിജിറ്റൽ എക്സ്റേ യൂണിറ്റ്, കുട്ടികളുടെ ചികിത്സാ വിഭാഗം, പുരുഷൻമാരുടെ വാർഡ്, അടിസ്ഥാന സൗകര്യം എന്നിവയുടെ നിർമ്മാണവും നവീകരണ പ്രവർത്തനങ്ങളും കോടികൾ ചെലവഴിച്ച് പൂർത്തിയാക്കിയെങ്കിലും ഇതിൽ ഡിജിറ്രൽ എക്സ്റേ യൂണിറ്റുകളിൽ ഉപകരണങ്ങളെത്തി വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല. നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ സാധാരണക്കാരുടെയും ആദിവാസികളുടെയും ഏക ചികിത്സാ കേന്ദ്രത്തിനാണ് ഈ ദുർഗതി. ഡി അഡിക്ഷൻ യൂണിറ്റും പാലിയേറ്റീവ് കെയർ യൂണിറ്റും പ്രവർത്തന സജ്ജമായെങ്കിലും ഡോക്ടർമാരുടെയും മറ്റ് ടെക്നീഷ്യൻമാരുടെയും കുറവുള്ളതിനാൽ പ്രവർത്തനം പൂർണ തോതിലായിട്ടില്ല. ഗൈനക്കോളജി, കുട്ടികളുടെവിഭാഗം എന്നിവയിലുൾപ്പെടെ ഡോക്ടർമാരുടെ ഒഴിവ് നിലവിലുണ്ട്. എന്നാൽ അധികാരികളും ജനപ്രതിനിധികളും ഈ ആശുപത്രിയെ പൂർണമായും തഴഞ്ഞതായാണ് നാട്ടുകാരുടെ പരാതി.
രാത്രിയിൽ ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ ഇല്ലെങ്കിലും സമീപത്തുള്ള മെഡിക്കൽ സ്റ്റോറിനോടനുബന്ധിച്ചുള്ള റൂമിൽ പ്രൈവറ്റ് പ്രാക്ടീസ് തകൃതിയായി നടക്കുന്നുണ്ട്. ഇതിനായുള്ള പരസ്യം സോഷ്യൽ മീഡിയ വഴി മെഡിക്കൽ സ്റ്റോർ ഉടമ നൽകുന്നുമുണ്ട്.
മരം മുറി ശ്രമം
ഒരാഴ്ചക്ക് മുൻപ് സർക്കാർ ആശുപത്രിയിൽ മരം കടപുഴകി വീണ് ആശുപത്രി കെട്ടിടത്തിന് കേടുപറ്റിയിരുന്നു. ഇതിന്റെ മറവിൽ ലക്ഷങ്ങൾ വിലവരുന്ന മരങ്ങൾ മുറിച്ചുമാറ്റാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. കടപുഴകിയ മരം ഫയർഫോഴ്സ് ടീം മുറിച്ചു മാറ്റിയെങ്കിലും മരക്കഷണങ്ങൾ ഇപ്പോഴും കെട്ടിടത്തിനു സമീപം കിടക്കുന്നുണ്ട്. ആറു മാസങ്ങൾക്ക് മുൻപ് കെട്ടിട നിർമ്മാണത്തിന്റെ മറവിൽ കൂറ്റൻ മരങ്ങൾ മുറിച്ചു മാറ്റാനായി നമ്പർ ഇട്ടെങ്കിലും എതിർപ്പിനെ തുടർന്ന് മരം മുറിച്ചു മാറ്റാനായില്ല.