തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബാൾ ആവേശവും ലഹരി വിരുദ്ധ സന്ദേശവും മുൻനിറുത്തിയുള്ള വൺ മില്യൺ ഗോൾ കാമ്പയിന് തിരുവനന്തപുരത്ത് തുടക്കമായി. കാമ്പയിന്റെ ഭാഗമായി മന്ത്രി വി. ശിവൻകുട്ടി ആദ്യ ഗോളടിച്ചു. എസ്.എം.വി ഗവൺമെന്റ് മോഡൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളും മന്ത്രിക്കൊപ്പം ചേർന്നു. കായിക യുവജന കാര്യാലയവും സ്‌പോർട്സ് കൗൺസിലും സംയുക്തമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്താകെ ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് കാമ്പയിന്റെ ഭാഗമായി അടിസ്ഥാന ഫുട്‌ബാൾ പരിശീലനം നൽകും. നവംബർ 11 മുതൽ 20 വരെ വിവിധ കേന്ദ്രങ്ങളിൽ വൺ മില്യൺ ഗോൾ കാമ്പയിൻ നടക്കും. എസ്.എം.വി സ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്. സുധീർ, ജില്ലാതല ഗോൾ പദ്ധതി അംബാസഡർ വി.പി. ഷാജി, കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി അജിത് ദാസ്. എ എന്നിവർ സംസാരിച്ചു.