ഒ.ബി.സി മോർച്ച മാർച്ചിൽ സംഘർഷം ജലപീരങ്കി കണ്ണീർ വാതകം യു.ഡി.എഫിന്റെ ചീമുട്ടയേറ്

തിരുവനന്തപുരം: കത്ത് വിവാദത്തിൽ അഞ്ചാം ദിവസവും നഗരസഭ പ്രതിഷേധക്കളമായി മാറി. ഇന്നലെ ബി.ജെ.പിയുടെ പോഷക സംഘടനയായ ഒ.ബി.സി മോർച്ചയുടെ നേതൃത്വത്തിൽ രാവിലെ നഗരസഭയിലേയ്ക്ക് മാർച്ച് നടത്തി. യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ധർണയും ഇന്നലെയുണ്ടായിരുന്നു.

ഒ.ബി.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മാർച്ച് നഗരസഭയ്ക്ക് മുന്നിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചതിൽ പ്രകോപിതരായ പ്രവർത്തകർ പൊലീസിന് നേരെ തിരിഞ്ഞു. ബാരിക്കേഡ് കുലുക്കിയും അതിന് മുകളിൽ കയറാനും പ്രവർത്തകർ ശ്രമിച്ചു. തുടർന്ന് പൊലീസ് രണ്ടുതവണ കണ്ണീർ വാതക ഷെല്ലും പ്രയോഗിച്ചു.

ജലപീരങ്കി പ്രയോഗത്തിൽ ബി.ജെ.പി കാട്ടാക്കട മണ്ഡലം പ്രസിഡന്റ് തിരുനെല്ലിയൂർ സുധീഷിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണീർവാതക പ്രയോഗത്തിനുശേഷം നഗരസഭ മതിൽചാടിക്കടന്ന പ്രവർത്തകരെ പൊലീസ് തടഞ്ഞു.കൂടുതൽ പ്രവർത്തകർ ചാടിക്കടന്നതോടെ പൊലീസ് ലാത്തി വീശി. തുടർന്ന് പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു. ഒ.ബി.സി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ എൻ.പി.രാധാകൃഷ്ണൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.ഒ.ബി.സി മോർച്ച ദേശീയ സമിതി അംഗം ബിന്ദു വല്യശാല, സംസ്ഥാന സെക്രട്ടറി ആർ.എസ്. മണി, ജില്ലാ ഭാരവാഹികളായ വണ്ടന്നൂർ ഷാജിലാൽ, നീറമൺകര ജോയ്, വട്ടിയൂർക്കാവ് ഗിരീഷ്, അമ്പലത്തറ ഗിരീഷ്, മറ്റു ജില്ലാക്കമ്മിറ്റി അംഗങ്ങൾ, മണ്ഡലം പ്രസിഡന്റുമാർ,​ ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

രാവിലെ മുതൽ ബി.ജെ.പി കൗൺസിലർമാരും നഗരസഭയിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. മേയർ രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ബി.ജെ.പി കൗൺസിലർമാർ പറഞ്ഞു. ധർണയിരിക്കുന്ന ബി.ജെ.പി കൗൺസിലർമാരെ സന്ദർശിക്കാൻ ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കറും നഗരസഭയിലെത്തി.

നഗരസഭയിലേയ്ക്ക് യു.ഡി.എഫിന്റെ ചീമുട്ടയേറ്

നഗരഭയിലെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. യു.ഡി.എഫ് നേതാക്കൾ നഗരസഭയിലേയ്ക്കും പൊലീസിന്റെ ദേഹത്തും ചീമുട്ടയെറിഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. കെ.എസ്.യു നേതാവ് ബാഹുൽ കൃഷ്ണയാണ് ചീമുട്ടയെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ബാഹുലിനെ തടയുന്നതിനിയെയാണ് പൊലീസും യു.ഡി.എഫ് പ്രവർത്തകരും തമ്മിൽ വാക്കേറ്റുമുണ്ടായത്. പൊലീസിന്റെ ലാത്തിച്ചാർജിൽ പരിക്കേറ്റ ചെമ്പഴന്തി അനിലിനെ ആശുപത്രിയിലെത്തിച്ചു.

ഇന്ന് മേയറുടെ വാർഡായ മുടവൻമുകളിൽ പ്രതിഷേധ സത്യഗ്രഹം നടത്തും. സത്യഗ്രഹത്തിനും പ്രകടനത്തിനും യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി. പദ്മകുമാർ, ജോൺസൺ ജോസഫ്, പി. ശ്യാംകുമാർ, ആക്കുളം സുരേഷ്, മേരിപുഷ്പം, വനജ രാജേന്ദ്രബാബു, സതികുമാരി, സി.ഓമന, സെറാഫിൻ ഫ്രെഡി, മിലാനി പെരേര എന്നിവർ നേതൃത്വം നൽകി. നഗരസഭ കവാടത്തിന് പുറത്ത് സമരത്തിന് പിന്തുണ അർപ്പിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ്‌ പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി വി.എസ്. ശിവകുമാർ, എം.ആർ.മനോജ്,​ എം.പി സാജു,​ ആർ.ലക്ഷ്മി,​ എം.വിൻസെന്റ് എം.എൽ.എ,​ സുധീർഷാ പാലോട് തുടങ്ങിയവർ പങ്കെടുത്തു.