തിരുവനന്തപുരം: പൊതുഗതാഗത സംവിധാനത്തിലേക്ക് ജനങ്ങളെ തിരികെ എത്തിക്കുന്നതിനനുകൂലമായ മനോഭാവം കെ.എസ്.ആർ.ടി.സി ജീവനക്കാരിലുണ്ടാകണമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആർ.ടി.സിയിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനുള്ള മനോഭാവം ജീവനക്കാർക്കുണ്ടാകണം. ബി.എം.എസിന്റെ ജീവനക്കാരോടുള്ള ഈ ആഹ്വാനം സ്വാഗതാർഹമാണെന്നും കെ.എസ്.ടി എംപ്ലോയീസ് സംഘിന്റെ 22-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്ത് മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സിയിലൂടെ ലാഭമുണ്ടാക്കുക എന്നതല്ല സർക്കാരിന്റെ ലക്ഷ്യം. ജീവനക്കാർ ഉണ്ടെങ്കിലേ യൂണിയൻ ഉണ്ടാകൂ. തന്നെ പോലെയുള്ള മന്ത്രിമാർക്ക് എംപാനലുകാർക്കുള്ള സുരക്ഷിതത്വം പോലുമില്ലെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സിയുടെ ഉത്തരവാദിത്വം
സർക്കാരിന്: രവീന്ദ്ര ഹിംതെ
കെ.എസ്.ആർ.ടി.സിയുടെ ഉത്തവാദിത്വം സർക്കാരിനാണെന്നും അത് സർക്കാരിനെ കൊണ്ട് ചെയ്യിപ്പിക്കാൻ തൊഴിലാളികൾ പോരാട്ടത്തിന് തയ്യാറാകണമെന്നും പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് ബി.എം.എസ് ദേശീയ ജനറൽ സെക്രട്ടറി രവീന്ദ്ര ഹിംതെ പറഞ്ഞു. ബി.എം.എസ് ദേശീയ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്ര മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ടി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് ജി.കെ. അജിത്ത് അദ്ധ്യക്ഷനായി. കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ, ആർ.എസ്.എസ് സഹപ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു, ബി.എം.എസ് ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ്, ബി.എം.എസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ്, ബി.എം.എസ് സംസ്ഥാന അദ്ധ്യക്ഷൻ ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, സംസ്ഥാന സെക്രട്ടറി ജി. സനീഷ്‌കുമാർ, ജില്ലാസെക്രട്ടറി കെ. ജയകുമാർ, കെ.എസ്.ടി പെൻഷണേഴ്‌സ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി പി. അനിൽ കുമാർ, കേരള വൈദ്യുതി മസ്ദൂർ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി സി. ഗിരീഷ് കുമാർ, തമിഴ്‌നാട് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി എസ്. ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.