ബാലരാമപുരം: രോഗികൾ ചികിത്സയ്ക്കെത്തിയപ്പോൾ പള്ളിച്ചൽ ഫാമിലി ഹെൽത്ത് സെന്റർ വൈകിട്ട് 4ന് പൂട്ടിയ സംഭവത്തിൽ പള്ളിച്ചൽ പഞ്ചായത്ത് വിശദീകരണം തേടി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ഏറെ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഡോക്ടർ അവധിയിലാണെന്ന കാരണത്താൽ വൈകിട്ട് ആറ് വരെ പ്രവർത്തിക്കേണ്ട ആശുപത്രി നേരത്തെ പൂട്ടിയതെന്ന വാദം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും, മറ്റ് ജീവനക്കാർ അനുമതിയില്ലാതെ ഡ്യൂട്ടി സമയം പൂർത്തിയാക്കുന്നതിന് മുൻപ് ആശുപത്രി പൂട്ടിപ്പോയ സംഭവത്തിൽ വിശദീകരണം തേടിയതായി പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക പറഞ്ഞു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർ രേഖാമൂലം വിശദീകരണം നൽകണമെന്നും സംഭവം ഡി.എം.ഒയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പി.എച്ച്.സി നിയമങ്ങൾ ലംഘിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് ടി. മല്ലിക അറിയിച്ചു.