
തിരുവനന്തപുരം: മുൻ കോൺഗ്രസ് അദ്ധ്യക്ഷനും, സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന മൗലാന അബുൽ കലാം ആസാദിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് നിശ്ചയിച്ച
അനുസ്മരണ യോഗം, കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് നേതാക്കൾക്കിടയിലെ തർക്കം കാരണം അവസാന നിമിഷം റദ്ദാക്കി.
കെ.പി.സി.സി ആസ്ഥാനത്ത് നിശ്ചയിച്ചിരുന്ന യോഗം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് മുതിർന്ന നേതാവ് എ.കെ. ആന്റണിയായിരുന്നു. ന്യൂനപക്ഷ വകുപ്പ് നേതാക്കൾ ചേരി തിരിഞ്ഞ് തർക്കിച്ചതോടെ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഇടപെട്ട് റദ്ദാക്കുകയായിരുന്നു. തുടർന്ന്, കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ന്യൂനപക്ഷ വകുപ്പിന്റെ യോഗം റദ്ദാക്കിയ സുധാകരനെതിരെ മറു വിഭാഗവും രംഗത്തെത്തി. ആർ.എസ്.എസുമായി ബന്ധപ്പെട്ട് അടുത്തിടെ അദ്ദേഹം നടത്തിയ പ്രസ്താവനയുടെ തുടർച്ചയായാണ് യോഗം റദ്ദാക്കിയതെന്നാണ് പ്രചാരണം.
ന്യൂനപക്ഷ വകുപ്പ് സംസ്ഥാന അദ്ധ്യക്ഷനായി ഷിഹാബുദ്ദീൻ കാര്യത്തിനെ നിയമിച്ചപ്പോൾ തൊട്ടാണ് സംഘടനയിൽ തർക്കമുണ്ടായത്. പ്രവർത്തന പരിചയമില്ലാത്തയാളാണ് ഷിഹാബുദ്ദീനെന്നാണ് എതിരാളികളുടെ വിമർശനം. ജില്ലാ കമ്മിറ്റികൾ അദ്ധ്യക്ഷൻ പുനഃസംഘടിപ്പിച്ചപ്പോൾ നിലവിലുണ്ടായിരുന്ന ഭാരവാഹികളുമായി കൂടിയാലോചിച്ചില്ലെന്നും പരാതിയുണ്ട്. സംഘടനയിൽ ഒരു തലത്തിലും പ്രവർത്തിച്ച് പരിചയമില്ലാത്തവരെ ജില്ലകളിൽ ഭാരവാഹികളാക്കിയത് പ്രസിഡന്റിന്റെ ഇഷ്ടക്കാരായതിനാലാണെന്നും എതിരാളികൾ ആരോപിക്കുന്നു.
ഷിഹാബുദ്ദീനെതിരെ മുൻ ഭാരവാഹികൾ കെ.പി.സി.സി പ്രസിഡന്റിന് നൽകിയ പരാതികൾ അന്വേഷിക്കാൻ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. തർക്കം തുടരുന്നതിനിടയിൽ ആസാദിന്റെ ജന്മവാർഷിക യോഗം സംഘടിപ്പിച്ചതിനെതിരെയും മുൻ ഭാരവാഹികൾ രംഗത്തെത്തി. ഇതോടെയാണ് സുധാകരൻ ഇടപെട്ട് യോഗം റദ്ദാക്കിയത്. വിവരം
ആന്റണിയെയും അറിയിച്ചു.
.