കല്ലമ്പലം: ദേശീയപാതയിൽ കടുവാപള്ളിക്ക് സമീപം കാറും ആംബുലൻസും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് 6ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്ന മാരുതി കാറും വർക്കലയിൽ നിന്ന് 13 വയസുകാരിയുമായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസുമാണ് കൂട്ടിയിടിച്ചത്. റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച സ്കൂട്ടർ യാത്രികനെ ഇടിക്കാതിരിക്കാൻ വെട്ടിത്തിരിച്ച ആംബുലൻസ് എതിരെ വന്ന കാറിലിടിച്ച് മറിയുകയായിരുന്നു. ആംബുലൻസിലെ യാത്രക്കാർക്ക് പരിക്കേറ്റതിനെ തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആരുടേയും പരിക്ക് ഗുരുതരമല്ല. കല്ലമ്പലം പൊലീസ് കേസെടുത്തു.