
തിരുവനന്തപുരം: റിപ്പബ്ളിക് ദിനാഘോഷത്തോടനുബന്ധിച്ച് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന വിവിധ പരിപാടികളിൽ കേരളത്തിൽ നിന്നും വീണാലക്ഷ്‌മി കെ.എസ്, സോനു സി. ജോസ് എന്നിവർ പങ്കെടുക്കും. നെഹ്റു യുവ കേന്ദ്ര സംസ്ഥാനതലത്തിൽ നടത്തിയ പ്രസംഗ മത്സരത്തിലെ മികച്ച പ്രകടനമാണ് പാർലമെന്റിലെ ചടങ്ങിൽ പങ്കെടുക്കാൻ ഇവരെ അർഹരാക്കിയത്. ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14ന് നടക്കുന്ന ചടങ്ങിൽ ആലപ്പുഴ തിരുനെല്ലൂർ സ്വദേശിയും ചേർത്തല എൻ.എസ്.എസ് കോളേജിലെ രണ്ടാം വർഷ എം. കോം വിദ്യാർത്ഥിനിയുമായ വീണാലക്ഷ്‌മി പങ്കെടുക്കും. മുൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജന്മദിനമായ നവംബർ 19ന് ക്വാമി ഏകതാ ദിനത്തിൽ സംഘടിപ്പിക്കുന്ന അനുസ്‌മരണ ചടങ്ങിലാണ് സോനു സി. ജോസ് പങ്കെടുക്കുന്നത്. പത്തനംതിട്ട കടമ്പനാട് സ്വദേശിയും ഡൽഹിയിലെ രാംജാസ് കോളേജിൽ ബി.എ ഇംഗ്ലീഷ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയുമാണ് സോനു സി ജോസ്.