 നിരവധി പേർക്ക് പരിക്ക്, മൂന്നുപേർ കസ്റ്റഡിയിൽ

കഴക്കൂട്ടം: തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിൽ എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മൂക്കിന് ഇടിയേറ്റ് ഗുരുതര പരിക്കേറ്റ എസ്.എഫ്.ഐ പ്രവർത്തകനും മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയുമായ സാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ രണ്ട് കെ.എസ്.യു പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

ഇന്നലെ ഉച്ചയ്‌ക്ക് ഒന്നോടെ കോളേജ് കാമ്പസിന് പുറത്താണ് സംഭവം. കെ.എസ്.യു യൂണിയൻ ആദ്യം തീരുമാനിച്ച പരിപാടിയിലേക്ക് എസ്.എഫ്.ഐ പ്രവർത്തകരെത്തിയതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് തമ്മിൽ തല്ലിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കെ.എസ്.യു പ്രവർത്തകരെയും ഒരു എസ്.എഫ്.ഐ പ്രവർത്തകനെയും കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.