തിരുവനന്തപുരം: മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിലെ ലേ സെക്രട്ടറിക്കെതിരെ ഗുരുതര ബന്ധുനിയമന ആരോപണം. മൃദുലകുമാരി, മകൻ ഉൾപ്പെടെ ആറുപേരെ അനധികൃതമായി തിരുകി കയറ്റിയെന്ന പരാതിയിൽ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു.
ഡി.എം.ഇ തോമസ് മാത്യുവിനാണ് അന്വേഷണ ചുമതല. കൊവിഡ് കാലത്തെ അടിയന്തരസാഹചര്യമെന്ന പേരിലാണ് കോളേജ് വിദ്യാർത്ഥിയായ മകൻ, മകന്റെ കൂട്ടുകാരിയും കൂട്ടുകാരനും, ലേ സെക്രട്ടറിയുടെ അനിയത്തിയുടെ മകൾ, ഇവരുടെ ഭർത്താവ്, ലേ സെക്രട്ടറിയുടെ കുടുംബവീടിന് സമീപത്തെ അയൽവാസി തുടങ്ങിയവരാണ് പിൻവാതിലിലൂടെ എത്തിയത്. എല്ലാവർക്കും മെഡിസെപ് കൗണ്ടറിലാണ് നിയമനം.
മകന് മെഡിസെപ് കൗണ്ടറിന് പുറമേ സി.സി ടിവി നിരീക്ഷണ സ്റ്റുഡിയോയിലും ജോലിയുണ്ട്. ഇതോടെ ശമ്പളം രണ്ടായി. ലേ സെക്രട്ടറിയുടെ മകൻ രാവിലെയെത്തി ഒപ്പിട്ടശേഷം കോളേജിലേക്ക് പോകും. സമയം കിട്ടുമ്പോൾ മടങ്ങിയെത്തും. കാലങ്ങളായി ഇതെല്ലാം പരസ്യമായ രഹസ്യമാണ്. ഇത് സംബന്ധിച്ച് ആഭ്യന്തരമായി പല പരാതികളും ഉയർന്നെങ്കിലും വെളിച്ചം കണ്ടില്ല. കുടുംബശ്രീ വഴി ഒരുകൂട്ടം പേരെ നിയമിച്ചതിനൊപ്പമാണ് ഇവരെയും എസ്.എ.ടിയിൽ കയറ്റിയത്. അതിനാൽ ഇക്കാര്യം പുറത്ത് വന്നാൽ മറ്റുള്ളവരെയും ബാധിക്കും. ബന്ധുക്കൾ മാത്രമല്ല, പണം വാങ്ങിയും നിരവധി പേരെ നിയമിച്ചതായാണ് ആരോപണം.
കോർപറേഷനിലെ നിയമങ്ങൾക്ക് മേയർ പാർട്ടി സെക്രട്ടറിക്ക് എഴുതിയ കത്ത് വിവാദമായതിന് പിന്നാലെ എസ്.എ.ടിയിലെ വിശ്രമകേന്ദ്രത്തിലേക്ക് ജോലിക്ക് ആളെ നിയമിക്കുന്നതിനുള്ള പട്ടിക തേടി കോർപ്പറേഷൻ പാർലമെന്ററി പാർട്ടി ലീഡർ ഡി.ആർ. അനിൽ എഴുതിയ കത്തും പുറത്തുവന്നിരുന്നു. സമാനമായ രീതിയിൽ രണ്ടുവർഷം മുൻപ് ആളെ നിയമിച്ചപ്പോൾ ലേ സെക്രട്ടറിയെ പിണക്കാതിരിക്കാൻ വേണ്ടിയാണ് ആറുപേരെ നിയമിച്ചതെന്നാണ് വിവരം.