kk

തിരുവനന്തപുരം: മികച്ച മാദ്ധ്യമ പ്രവ‌ർത്തകനുള്ള ഈ വർഷത്തെ ജയൻ കലാ സാംസ്കാരിക വേദിയുടെ പുരസ്കാരത്തിന് കേരളകൗമുദിയുടെ പ്രത്യേക ലേഖകൻ കോവളം സതീഷ്‌കുമാറിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ വ‌ർഷം കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച വിവിധ റിപ്പോർട്ടുകൾ പരിഗണിച്ചാണ് പുരസ്കാരം.

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ ജി.പ്രമോദിനാണ് മികച്ച ഫോട്ടോ ഗ്രാഫർക്കുള്ള പുരസ്കാരം. യുവസംരംഭക പുരസ്‌കാരം ചലച്ചിത്ര നിർമ്മാണകമ്പനിയായ എസ്.ക്യൂബ് ഫിലിംസിന്റെ നിർമ്മാതാക്കളായ ഷെനുഗ, ഷെൻഗ, ഷെർഗ എന്നിവർക്ക് നൽകും. ഡോ.ജോർജ് ഓണക്കൂർ, പ്രമോദ് പയ്യന്നൂർ, ടി.എസ്. സുരേഷ് ബാബു എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്‌കാരങ്ങൾ നിർണയിച്ചത്.

അനശ്വര നടൻ ജയന്റെ ചരമവാർഷിക ദിനമായ 16ന് വൈകിട്ട് 6ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരങ്ങൾ മന്ത്രി ജി.ആർ.അനിൽ സമ്മാനിക്കുമെന്ന് ജയൻ കലാ സാംസ്കാരിക വേദി സെക്രട്ടറി ഷാജൻ ഷാജു അറിയിച്ചു.