m

ആകാശം വായിച്ചെഴുതിയ കണ്ണുക -

ളാപാദചൂഡം പൂകൊണ്ടുഴിയവേ

മൗനങ്ങളിത്രമേൽ പൂന്തേനൊഴുക്കിയ

പുണ്യനിമിഷമോ ദിവ്യഗീതാഞ്‌ജലി?

കാവ്യസമാഗമം ആത്മാനുസന്ധാനം

ഓങ്കാരസുരഭിലം ശാരദാസവിധവും

പുരികങ്ങൾ നിശ്ചല ചക്രവാളങ്ങളായ്

നേത്രാരവിന്ദങ്ങൾ പൂത്ത ചിദംബരം

ശിവഗിരി സാനുവിൽ നരനാരായണം

സ്വരഗംഗ വന്ദിത കോകില കൂജനം

വേദങ്ങൾ കാച്ചിക്കുറുക്കി സുകൃതികൾ

മിഴിമൊഴിച്ചിന്തുകൾ ത്രിഭുവന സീമയിൽ

ഇരുശാന്തസാഗരം വേദരത്നാകരം

ഗുരുവാം സുമേരുവിൽ കാവ്യസരസ്വതി

രവിമനം പ്രണമിച്ചു പിണ്ഡനന്ദീസ്തവം

അനുകമ്പ പൂക്കുമദ്വൈതമാമരം

ശില ശിവാകാരമായ് ശിവശതസൂനങ്ങ-

ളർപ്പിച്ച നേത്രങ്ങൾ പരബ്രഹ്മകാന്തിയിൽ

അരുവിയിൽ പൂന്തേനരുവിയിൽ പൊന്തിയ

ശിവരാത്രി മധുരം നുകർന്നുകവീന്ദ്രനും

ദശകങ്ങൾ, ശതകങ്ങളെത്ര കൊഴിയിലും

വരുംകാല നയനങ്ങൾ തേടും സമാഗമം

മേഘങ്ങളെഴുതാപ്പുറങ്ങൾ നിറച്ചുവോ

സൂര്യനാരായണ കിരണാക്ഷരങ്ങളാൽ

കാലവും കാമധേനുവായ് ചുരത്തിയ

കാവ്യസരസ്വതിയ്ക്കെന്തു പരിമളം

പച്ചക്കിളി പവിഴപാൽവർണ ശാരദേ

ആ ദിവ്യസംഗമ തീർത്ഥം പകരുമോ?

ഒരു തുള്ളി മതിയതു ശാന്തിസരോരവരം

കൽക്കണ്ടത്തരിയാനന്ദവർഷിണി

........................

* ശ്രീനാരായണഗുരു - ടാഗോർ സമാഗമ ശതാബ്ദിയിൽ ശിവഗിരിയിൽ നടന്ന കാവ്യസമ്മേളനത്തിൽ അവതരിപ്പിച്ച കവിത.
നദികളുടെ സംഗമമാണ് പ്രയാഗ.
ഗുരു - ടാഗോർ ദിവ്യദർശനം പുണ്യനേത്രങ്ങളുടെ പ്രയാഗയായി​.