oda

നെയ്യാറ്റിൻകര: മൂന്ന്കല്ലിൻമൂട് മുതൽ കൊന്നമൂട് വരെയുള്ള ഒന്നരക്കിലോമീറ്റർ റോഡിനോട് ചേർന്ന സ്ലാബില്ലാത്ത ഓടയിൽ മാലിന്യമടക്കമുള്ള മലിനജലം കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. ഇതുകാരണം പൊതുജനത്തിനും കൊച്ചുകുട്ടികളടക്കമുള്ള വിദ്യാർത്ഥികൾക്കും ഈ വഴി നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. എന്നാൽ അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. റോഡിലെ ടാറെല്ലാം പൊട്ടിപ്പൊളിഞ്ഞ് വൻകുഴികൾ രൂപപ്പെട്ടിട്ട് വർഷങ്ങളായിട്ടും നടപടിയില്ല. 2 സ്കൂളിലേക്കും വരുന്ന ചെറിയകുട്ടികളടക്കം 1000ത്തിലേറെ പേരാണ് ദിനംപ്രതി ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. റോഡിന്റെ വീതിക്കുറവും വാഹനങ്ങളുടെ തിരക്കും ഇതുവഴിയുള്ള യാത്ര അപകടഭീഷണിയിലാക്കുന്നുണ്ട്. ഇതിനിടയിലാണ് ഓടയിലെ മാലിന്യം നിറഞ്ഞ വെളളക്കെട്ടും.റോഡിന്റെ പലഭാഗവും കുണ്ടും കുഴിയുമായതോടെ വാഹന ഗതാഗതം ദുർഘടമായ റോഡിൽ ഓടയിലെ മലിനജലം ഏറെ പൊല്ലാപ്പാണുണ്ടാക്കുന്നത് . മൂന്ന്കല്ലിൻമൂട് മുതൽ ജി.ആ‌ർ‌ പബ്ലിക് സ്കൂൾ വരെയുളള ഭാഗം നഗരസഭാപരിധിയിലും തുട‌‌ർന്ന് ക്ഷേത്രം മുതലുളള കൊന്നമൂട് കൊടങ്ങാവിള റോഡ് അതിയന്നൂ‌ർ പഞ്ചായത്ത് പരിധിയിലുമാണ് സ്ഥിതി ചെയ്യുന്നത്. മൂന്ന് വ‌ർഷം മുമ്പ് എം.എൽ.എ ഫണ്ടിൽ നിന്നാണ് റോഡ് നവീകരണം പൂ‌‌ർത്തിയാക്കിയത്. പഞ്ചായത്തും നഗരസഭയും യോജിച്ച് അടിയന്തരമായി ഓടപൊളിച്ച് വൃത്തിയാക്കി റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

തകർന്നു തരിപ്പണം

നഗരസഭയിലെ ടൗൺ, ബ്രഹ്മംകോട്, ഊരൂട്ടുകാല വാർഡും അതിയന്നൂ‌ർ പഞ്ചായത്തിലെ ഊരൂട്ടുകാല വാർഡും ചേർന്നതാണ് നെയ്യാറ്റിൻകര-തിരുവനന്തപുരം ദേശീയപാതയിൽ മൂന്ന്കല്ലിൻമൂട് ജംഗ്ഷനിൽ നിന്നും തിരിയുന്ന മൂന്ന്കല്ലിൻമൂട്-കൊന്നമൂട് റോഡ്. ഊരൂട്ടുകാല ഗവ. എം.ടി.എച്ച്.എസ്, ഊരൂട്ടുകാല ടി.ടി.ഐ, നെയ്യാറ്റിൻകര ബി.ആർ.സി, ഡോ.ജി.ആർ പബ്ലിക് സ്കൂൾ, നെയ്യാറ്റിൻകരയിലെ ഡ്രൈവിംഗ് സ്കൂൾ പരിശീലന കേന്ദ്രം, ഊരൂട്ടുകാല ഭദ്രകാളി ദേവീക്ഷേത്രം, പാൽ സൊസൈറ്റി എന്നീ സ്ഥാപനങ്ങൾ വഴി കടന്നുപോകുന്ന റോഡാണ് ഇപ്പോൾ തകർന്നുകിടക്കുന്നത്.

ജലമൊഴുകാൻ തടസ്സം

3 വർഷം മുൻപ് 35 ലക്ഷം രൂപ മുടക്കി നവീകരിച്ച റോഡാണ് പൊട്ടിപ്പൊളി‌ഞ്ഞ് വൻകുഴികൾ രൂപപ്പെട്ടത്. റോഡിന്റെ ഇരുവശവും ഓട നി‌ർമ്മിച്ചും വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളും പ്രതലം ഉയ‌ർത്തിയുമായിരുന്നു റോഡ് നവീകരണം പൂ‌ർത്തിയാക്കിയത്. ഇതിനിടെയാണ് ഒരുമാസം മുമ്പ് പെയ്ത മഴയിൽ ഊരൂട്ടുകാല ഭദ്രകാളി ക്ഷേത്രം മുതൽ മൂന്ന്കല്ലിൻമൂട് ജംഗ്ഷൻ വരെയുള്ള ഓടയിൽ മാലിന്യമടക്കമുള്ള മലിനജലം കെട്ടിക്കിടക്കുന്നത്. ഓടയിൽ മാലിന്യങ്ങളടിഞ്ഞ് ജലമൊഴുക്ക് തടസ്സപ്പെട്ടതാണ് ഓടയിൽ ഇത്തരത്തിൽ മലിനജലം കെട്ടിക്കിടക്കാനിടയായത്.