തിരുവനന്തപുരം:തുടർച്ചയായ ആറ് ദിവസം സമരങ്ങളാൽ പ്രക്ഷുബ്ധമായിരുന്ന നഗരസഭയിൽ ഇന്നലെ ശാന്തമായിരുന്നു.ഇന്ന് പൊതുഅവധി ആയതിനാൽ പ്രതിപക്ഷ സമരവുമില്ല.സാധാരണ രാവിലെ തുടങ്ങുന്ന സമരം അൽപസമയം കൊണ്ട് സംഘർഷത്തിലെത്തുകയും തുടർന്ന് നഗരസഭ പരിസരം യുദ്ധകളമാകുകയും ചെയ്യും.സമരമില്ലാത്ത ദിനങ്ങളിലും മുടക്കിയ സേവനം നഗരസഭ പുനക്രമീകരിച്ച് സേവനം നടത്താത്തതിലും ചോദ്യങ്ങൾ ഉയരുന്നുണ്ട്.നാളെ മുതൽ പ്രതിഷേധങ്ങൾ വീണ്ടും ആരംഭിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ നഗരസഭയിലേക്കുള്ള വരവും മുടങ്ങും.

കൗൺസിലർക്കെതിരെ കേസ്

മഹിളാ മോർച്ച സമരത്തിൽ വനിതാ പൊലീസിനെ ആക്രമിച്ചെന്ന സംഭവത്തിൽ പുന്നയ്ക്കാമുഗൾ വാർഡിലെ ബി.ജെ.പി കൗൺസിലർ പി.വി മഞ്ജുവിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.കൃത്യനിർവഹണത്തിനിടയിൽ പൊലീസിനെ ആക്രമിച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് കേസ്.

അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം:വി.വി രാജേഷ്

തിരുവനന്തപുരം:അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ടെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് ആരോപിച്ചു.തുടക്കം മുതലേ കത്ത് വിവാദത്തിലെ അന്വേഷണം അട്ടിമറിക്കുകയാണ്.മുഖ്യമന്ത്രി ഡി.ജി.പിയെ വിളിച്ചു വരുത്തിയാണ് അട്ടിമറിക്ക് നിർദ്ദേശം നൽകുന്നത്.എന്തൊക്കെ അട്ടിമറി നടന്നാലും ബി.ജെ.പി ഇതിന് പിന്നാലെയുണ്ട്.എത്രയും വേഗം കണ്ടുപിടിക്കാവുന്ന കേസ് എന്തു കൊണ്ട് ഇഴയ്ക്കുന്നു.അന്വേഷണ സംഘം കഴിവുകെട്ടവരാണെന്നല്ലേ ഇതു കൊണ്ട് തെളിയുന്നതെന്നും രാജേഷ് ചോദിച്ചു.തിങ്കളാഴ്ച മുതൽ ശക്തമായ സമരവുമായി ബി.ജെ.പി രംഗത്തിറങ്ങുകയാണ്.നഗരസഭയുടെ അകത്തും പുറത്തും ശക്തമായ പ്രതിഷേധ മാർച്ചുകളും ധർണയും നടത്തും.സി.പി.എം നേതൃത്വത്തിന്റെ അറിവോടെ നടക്കുന്ന ഈ അഴിമതികൾക്കെതിരെ പോരാടൻ എന്നും ബി.ജെ.പി രംഗത്തുണ്ടാകുമെന്നും വി.വി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സമരം തുടരും ,യുവജന സംഘടനകൾ സമരം ഏറ്റെടുക്കും :പാലോട് രവി

നിയമന വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് നടത്തി വരുന്ന സമരം ശക്തമായി തുടരുമെന്നും ബുധനാഴ്ച്ച മുതൽ യുവജന സംഘടനകൾ സമരം ഏറ്റെടുക്കുമെന്നും ഡി.സി.സി പ്രസിഡന്റ്‌ പാലോട് രവി പറഞ്ഞു.മേയർ ആര്യാ രാജേന്ദ്രന്റെ വാർഡായ മുടവൻമുകളിൽ യു.ഡി.എഫ് കൗൺസിലർമാർ നടത്തിയ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നഗരത്തിലെ 100 വാർഡുകളിലും ജനകീയ കൂട്ടായ്മകൾ യു.ഡി.എഫ് തുടക്കം കുറിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി.പത്മകുമാർ നേതാക്കളായ വർക്കല കഹാർ, എം.എ.വാഹീദ്, മുടവൻമുകൾ രവി, കമ്പറ നാരായണൻ, ചെമ്പഴന്തി അനിൽ,ജോൺസൺ ജോസഫ്, പി.ശ്യാംകുമാർ, കൈമനം പ്രഭാകരൻ, തമലം കൃഷ്ണൻകുട്ടി, മുടവൻമുകൾ സതീഷ്, ആർ.ഹരികുമാർ, ആർ.ലക്ഷ്മി, സോനാൾജ്, അഭിലാഷ് കൗൺസിലർമാരായ ആക്കുളം സുരേഷ്, മേരി പുഷ്പം, വനജരാജേന്ദ്രബാബു, സതികുമാരി, സെറാഫിൻ ഫ്രെഡി,മിലാനി പെരേര, സി. ഓമന എന്നിവർ പങ്കെടുത്തു.