
കാട്ടാക്കട: കുരുന്നുകൾക്ക് പാറിപ്പറക്കാൻ പൂവച്ചൽ മിനിനഗർ എൽ.പി.എസിൽ 'ശലഭകൂടാരം" ഒരുക്കി. സ്കൂൾ അങ്കണത്തിലെ പാർക്കിൽ റോഡും ട്രാഫിക് സിഗ്നലും, കൃത്രിമ വെള്ളച്ചാട്ടം, വാട്ടർ ഫൗണ്ടൻ, മരത്തിൽ ഏറുമാടം... എന്നിങ്ങനെ കാട്ടാക്കട ഗവ.എൽ.പി സ്കൂളിൽ എത്തുന്ന കുട്ടികളെ വരവേൽക്കുന്നത് മനം നിറയ്ക്കുന്ന കൗതുക കാഴ്ചകളാണ്.
പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന സ്റ്റാർസ് പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രീ പൈമറി വിഭാഗത്തിന്റെ 'ശലഭകൂടാരം" നവീകരിച്ചത്.
പഠനത്തിന് പുറമേ കുട്ടികളുടെ ശാരീരിക വികാസം, ഭാഷാ വികസനം, സാമൂഹ്യവും വൈകാരികവുമായ വികാസം, സർഗാത്മകത വികാസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള മാറ്റങ്ങളാണ് സ്കൂളിൽ നടപ്പിലാക്കിയത്.ശാസ്ത്രം,സംഗീതം, ചിത്രകല,നിർമ്മാണം,അഭിനയം,ഗണിതം,വായന,അരങ്ങ് തുടങ്ങി 13 പ്രവർത്തന മൂലകളാണ് പ്രീ പ്രൈമറി വിഭാഗത്തിൽ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്.കൂടാതെ, ഹൈടെക് ക്ലാസ് മുറികൾ,പാർക്ക്,ഏറുമാടം, മൾട്ടിമീഡിയ റെക്കാഡിംഗ് റൂം, ഐ.ടി സങ്കേതം, ശലഭോദ്യാനം, ഇൻഡോർ - ഔട്ട്‌ഡോർ പ്ലേ ഏരിയ എന്നിങ്ങനെ കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി വിവിധ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.പ്രീ പൈമറി,എൽ.പി വിഭാഗങ്ങളിലായി 240 കുട്ടികളാണ് സ്‌കൂളിൽ പഠിക്കുന്നത്.
മാതൃകാ പദ്ധതി ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം രാധിക ടീച്ചർ, ബ്ലോക്ക് മെബർ വിജയൻ, ഗ്രാമപഞ്ചായത്തംഗം ടി. തസ്ലീം, സൗമ്യ എന്നിവർ പങ്കെടുത്തു.