varkkala

തിരുവനന്തപുരം: വ‌‌ർക്കല ഒടയത്ത് ലഹരിവസ്തുക്കൾ കൈവശം വച്ച് വിറ്റതുമായി ബന്ധപ്പെട്ട് പിടിയിലായ പാംട്രീ ബീച്ച് റിസോ‌ർട്ട് ഉടമയ്ക്കെതിരെ ഭൂമി തട്ടിപ്പ് കേസുകളും. ഇതിൽ മുൻ റൂറൽ എസ്.പി മാർക്ക് വഴിവിട്ട ബന്ധമുണ്ടെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.വ‌ർക്കല മുണ്ടയിൽ ലാവണ്യയിൽ ബോബി സുഗുണൻ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് റൂറൽ ജില്ല പൊലീസ് മേധാവി ഡി. ശില്പയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയത്.

വ‌ർക്കല പുല്ലാനിക്കോട് പുത്തൻ വിളയിൽ തിലകന്റെ ഉടമസ്ഥതയിലുള്ളതാണ് പാം ബീച്ച് റിസോ‌ർട്ട്. 2012ൽ 40 സെന്റ് സ്ഥലം ബോബി സുഗുണൻ തിലകന് വിറ്റിരുന്നു. അതിലുണ്ടായിരുന്ന കെട്ടിടത്തിലാണ് റിസോ‌ർട്ട് പ്രവർത്തിക്കുന്നത്.

ലഹരിമരുന്ന് കച്ചവടത്തിന് എക്സൈസ് രജിസ്റ്റർ ചെയ്ത രണ്ടു കേസുകളുൾപ്പെടെ ആറ്റിങ്ങൽ വർക്കല കോടതികളിലായി 20 ഓളം കേസുകളിൽ പ്രതിയാണ് തിലകൻ. വ‌ർക്കല കേന്ദ്രീകരിച്ച് വ്യാജ രേഖകൾ ചമച്ച് വസ്തുക്കൾ തട്ടിയെടുക്കുന്ന സംഘത്തിലെ കണ്ണിയായ ഇയാൾ രണ്ട് അഭിഭാഷകരുടെയും പൊലീസ് ഉന്നതരുടെയും സഹായത്തോടെയാണ് തട്ടിപ്പുകൾ നടത്തിയത്. വ്യാജരേഖ ചമച്ച് ഭൂമി കൈക്കലാക്കിയത് സംബന്ധിച്ച് തിലകനെതിരെ വിദേശവനിതകളായ ലിൻസ്, അന്ന എന്നിവരുൾപ്പെടെ നിരവധിപേ‌ർ പരാതിയുമായി പൊലീസിനെയും കോടതിയെയും സമീപിച്ച സാഹചര്യത്തിലാണ് അന്വേഷണം. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളിൽ തിലകനെതിരെ പരാതി നൽകിയപ്പോൾ പരാതി പിൻവലിക്കാനും ബാക്കി ഭൂമി കൂടി തിലകന് കൈമാറാനും മുൻ എസ്.പിമാർ ഭീഷണിപ്പെടുത്തിയതും അന്വേഷണ പരിധിയിലുണ്ട്. 2015ലും 2020ലും കഞ്ചാവും ലഹരിവസ്തുക്കളും റിസോ‌ർട്ടിൽ നിന്ന് കണ്ടെത്തിയതിന് എക്സൈസ് രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയായ തിലകന്റെ റിസോർട്ടിനെതിരെ അടുത്തിടെയും

മയക്കുമരുന്ന് കേസ് രജിസ്റ്റ‌ർ ചെയ്തിരുന്നു. വ്യാജ രേഖകൾ ചമച്ച് ഭൂമി തട്ടിയെടുത്തതിന് ബോബിയുടെ പരാതിയിൽ അയിരൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും അന്വേഷണം നടന്നുവരികയാണ്.

വൈദ്യുതി കുടിശിഖ പരിഹരിക്കാൻ ആൾമാറാട്ടം

ബോബിയിൽ നിന്ന് വിലയ്ക്കു വാങ്ങിയ കെട്ടിടത്തിന്റെ വൈദ്യുതി കണക്ഷൻ തന്റെ പേരിലേക്ക് മാറ്റാതിരുന്ന തിലകൻ വൈദ്യുതി കുടിശിഖ പരിഹരിക്കാൻ ഹൈക്കോടതിയിൽ ആൾമാറാട്ടം നടത്തി. കബളിപ്പിക്കൽ ബോദ്ധ്യപ്പെട്ട കോടതി ഉത്തരവ് തിരിച്ചുവിളിക്കാനും പുനഃപരിശോധിക്കാനും ഉത്തരവിട്ടു.

റിസോർട്ട് പ്രവർത്തിക്കുന്ന കെട്ടിടം കെ.എസ്.ഇ.ബിക്ക് 6, 66,103 രൂപയാണ് വൈദ്യുതി കുടിശിഖവരുത്തിയത്. കുടിശിഖ ഒടുക്കലിന്റെ ഭാഗമായി കെ.എസ്.ഇ.ബി ബോബിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഈ നോട്ടീസ് ഒപ്പിട്ട് കൈപ്പറ്റിയ തിലകൻ ബോർഡിനെതിരെ ഹൈക്കോടതി അഭിഭാഷകന്റെ സഹായത്തോടെ ബോബി അറിയാതെ കേസ് ഫയൽ ചെയ്ത് അനുകൂല വിധി സമ്പാദിച്ചു. ഹൈക്കോടതി വിധിയെ തുടർന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ബോബിയെ ബന്ധപ്പെട്ടമ്പോഴാണ് തന്റെ പേരിലെ ആൾമാറാട്ടം ബോദ്ധ്യപ്പെട്ടത്. ഉത്തരവ് സമ്പാദിക്കാനായി ഹാജരായ അഭിഭാഷകനെ സമീപിച്ചപ്പോൾ തിലകനാണ് കബളിപ്പിച്ചതെന്ന് വ്യക്തമായി. ഇക്കാര്യം ചൂണ്ടിക്കാട്ടി നവംബർ 29 ന് വർക്കല എസ്.എച്ച്.ഒയ്ക്ക് പരാതി നൽകിയെങ്കിലും അന്വേഷണമുണ്ടായില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ജസ്റ്റിസ് ബച്ചുകുര്യൻ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട മുൻ ഉത്തരവ് തിരിച്ചുവിളിച്ചത്. തുട‌ർന്ന് കെ.എസ്.ഇ.ബിക്കെതിരായ റിട്ട് പെറ്റീഷൻ അത് പരിഗണിക്കുന്ന ബഞ്ചിലേക്ക് മാറ്റി.