തിരുവനന്തപുരം: കത്തെഴുതിയിട്ടില്ലെന്ന് മേയർ ആര്യാ രാജേന്ദ്രനും, കത്ത് കിട്ടിയിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും വിജിലൻസിന് മൊഴി നൽകി. നഗരസഭ മുൻ കൗൺസിലർ ജി.എസ്.ശ്രീകുമാർ വിജിലൻസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
ആനാവൂർ നാഗപ്പൻ വിജിലൻസ് ഓഫീസിൽ എത്തിയാണ് മൊഴി കൊടുത്തത്. വിജിലൻസ് ഉദ്യോഗസ്ഥർ മേയർ ആര്യാ രാജേന്ദ്രന്റെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. കത്ത് വിവാദത്തിൽ അന്വേഷണം നടത്താൻ കഴിഞ്ഞ ദിവസമാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം നിർദ്ദേശം നൽകിയത്. സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല. എസ്.പി കെ.ഇ.ബൈജുവിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം.
പ്രാഥമിക അന്വേഷണമാണ് വിജിലൻസ് നടത്തുന്നത്. ഇതിന്റെ ഭാഗമായി പരാതിക്കാരനായ ശ്രീകുമാറിനെയും വിളിച്ചുവരുത്തി മൊഴിയെടുത്തു. കത്തുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും അറിയില്ലെന്നാണ് ആനാവൂർ നൽകിയിരിക്കുന്ന മൊഴി. കത്ത് താൻ കണ്ടിട്ടില്ലെന്നും നഗരസഭ നിയമനങ്ങളിൽ ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു.
കത്ത് വിവാദം നിലവിൽ വിജിലൻസും ക്രൈംബ്രാഞ്ചുമാണ് അന്വേഷിക്കുന്നത്. കത്തിന്റെ ആധികാരികതയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കത്ത് വ്യാജമായി തയ്യാറാക്കിയതാണെന്നാണ് മേയർ നൽകിയ മൊഴി. മുൻപ് തയ്യാറാക്കിയ ഒരു രേഖയിൽ നിന്ന് ഒപ്പ് ഫോട്ടോകോപ്പിയായി ഉപയോഗിച്ചുവെന്നും മേയർ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറയുന്നു. അതേസമയം കത്തുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളാണ് വിജിലൻസ് അന്വേഷിക്കുന്നത്.
അഴിമതിയും, പിൻവാതിൽ നിയമനവും ലക്ഷ്യമിട്ടാണ് കത്ത് എഴുതിയിട്ടുള്ളതെന്ന് പരാതിക്കാർ ആരോപിക്കുന്നു. ഈ കത്ത് സംബന്ധിച്ച് മേയർക്കും, ആനാവൂർ നാഗപ്പനും, ഡി.ആർ.അനിലിനും, സി.പി.എമ്മിനും കൃത്യമായി അറിയാമെന്നും പരാതിയിൽ പറയുന്നു.
അഴിമതി നടന്നിട്ടുണ്ടോയെന്ന ക്യുക്ക് വെരിഫിക്കേഷനാണ് നടക്കുന്നത്. ഇത് ആറ് മാസം വരെ നീളും. ക്രൈംബ്രാഞ്ച് അന്വേഷണം ഏഴ് ദിവസമാണ്. ചൊവ്വാഴ്ചയ്ക്ക് മുൻപ് ഇതിന്റെ റിപ്പോർട്ട് കൈമാറും.
മൊഴി നൽകിയെന്ന് ആനാവൂർ,
ഇല്ലെന്ന് ക്രൈംബ്രാഞ്ച്
ക്രൈംബ്രാഞ്ച് മൊഴിയിലും ആശയകുഴപ്പം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ച തന്നെ താൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയെന്ന് ആനാവൂർ പറയുന്നു. എന്നാൽ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
കത്ത് വ്യാജമെന്ന് റിപ്പോർട്ട്
നൽകാൻ ക്രൈംബ്രാഞ്ച്
കത്ത് വ്യാജമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നതായി സൂചന ലഭിച്ചിരിക്കുന്നത്. ഈ രീതിയിലെ റിപ്പോർട്ടാണ് ചൊവ്വാഴ്ചയ്ക്ക് മുൻപ് ക്രൈംബ്രാഞ്ച് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബിന് അന്വേഷണ സംഘം നൽകുന്നത്.വ്യാജ കത്താണെന്ന് മേയർ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാജരേഖ നിർമ്മിച്ചതിന് കേസെടുക്കാം. വേണമെങ്കിൽ സർക്കാരിന് അന്വേഷണം സൈബർ സെല്ലിനും വിടാം.ഡി.ജി.പി തല ഉന്നതയോഗത്തിൽ ഈ തീരുമാനമുണ്ടാകും.