പാറശാല: സരസ്വതി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ലോക പ്രമേഹദിനമായ നവംബർ 14ന് മധുരച്ചങ്ങല സംഘടിപ്പിക്കും. രാവിലെ 8.30 ന് നടക്കുന്ന ചങ്ങലയിൽ സ്‌കൂൾ കോളേജ് വിദ്യാർത്ഥികളും മറ്റ് വിവിധ മേഖലയിലുള്ളവരും പങ്കെടുക്കും. ബോധവത്കരണ പരിപാടിയുടെ ഭാഗമായി രണ്ട് സ്ഥലങ്ങളിലായി നടക്കുന്ന പഞ്ചാരവണ്ടിയുടെ ഉദ്‌ഘാടനം തിരുവനന്തപുരം ശാസ്തമംഗലത്ത് രാവിലെ 9 ന് വി.കെ.പ്രശാന്ത് എം.എൽ.എയും, പാറശാലയിൽ രാവിലെ 8ന് നെയ്യാറ്റിൻകര എ.എസ്.പി ഫറാഷുമാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നത്. രാവിലെ 9.30 ന് പാറശാലയിൽ നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര വിദേശകാര്യ മന്ത്രി വി.മുരളീധരൻ ഉദ്‌ഘാടനം ചെയ്യും.സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മാലിദ്വീപ് കൗൺസിൽ ജനറൽ എം.എസ്.അമിനത്ത് അബ്ദുള്ള ദീദി മുഖ്യാതിഥിയായിരിക്കും.സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷ്വറൻസ് കമ്പനി സീനിയർ വൈസ് പ്രസിഡന്റ് സുരേഷ് ആർ.എസിനെ ആദരിക്കും.

സരസ്വതി ഹോസ്പിറ്റലിൽ പുതുതായി ആരംഭിക്കുന്ന ഇൻസുലിൻ ബാങ്കിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആധുനിക 4 കെ ലാപ്രോസ്‌കോപ്പിക് യൂണിറ്റിന്റെ ഉദ്‌ഘാടനം തമിഴ്നാട് ഐ.ടി വകുപ്പ് മന്ത്രി മനോ തങ്കരാജും നിർവഹിക്കും.

ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ പാറശാല റോട്ടറി ക്ലബും സരസ്വതി ഹോസ്പിറ്റലും സംയുക്തമായി,​ സ്‌കൂളുകളിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ പദ്ധതിയായ 'ജാഗ്രത' കെ.ആൻസലൻ എം.എൽ.എ യും പ്രമേഹ വിദ്യാഭ്യാസ പദ്ധതിയായ സരസ്വതി 'ശിക്ഷാ രക്ഷിത്" എം.വിൻസെന്റ് എം.എൽ.എ യും,റിട്ട.അദ്ധ്യാപകർക്കുള്ള പ്രത്യേകപരിചരണ പരിപാടിയായ 'ഗുരുദക്ഷിണ' നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി.കെ.രാജ്മോഹനും ഉദ്‌ഘാടനം ചെയ്യും.നൂറിൽപരം ബീറ്റിംഗ് ഹാർട്ട് ബൈപ്പാസ് സർജറികൾ പൂർത്തിയാക്കിയ സരസ്വതി ഹോസ്പിറ്റലിലെ ഡോ. യോഗനാഥൻ നമ്പൂതിരിയെ ആദരിക്കും.നാലാം വാർഷികം ആചരിക്കുന്ന സരസ്വതി ഹസ്തം ടൈം ബാങ്കിന്റെ ഉദ്‌ഘാടനം ചിത്രകാരൻ ബി.ഡി.ദത്തനും,പ്രതിരോധ പരിപാടിയുടെ ഉദ്‌ഘാടനം പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻഡാർവിനും ഉദ്‌ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് അംഗം വി.ആർ.സലൂജ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത,ശാലിനി സുരേഷ്,താര,വീണ,കരിക്കകം ശ്രീകുമാർ,റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവർണർ മനോഹൻ നായർ,ഡോ.വരുൺ തുടങ്ങിയവർ പങ്കെടുക്കും.പ്രമേഹ നിർണയ ക്യാമ്പ്,പ്രമേഹ പാദരോഗ നിർണയ ക്യാമ്പ്,കുറഞ്ഞ നിരക്കിൽ ഗ്ലൂക്കോ മീറ്റർ, ഇൻസുലിൻ പേന, 24 മണിക്കൂർ ഗ്ലൂക്കോസ് മോണിറ്ററിംഗ്,പ്രമേഹ എക്സിബിഷൻ എന്നിവയും ഉണ്ടായിരിക്കും.