gressh
g

തിരുവനന്തപുരം: പ്രണയബന്ധത്തിൽ നിന്ന് പിൻമാറാത്തതിന് പാറശാല സ്വദേശി ഷാരോൺരാജിനെ കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയ കേസിന്റെ തുടരന്വേഷണവും കുറ്റപത്രസമർപ്പണവും കേരളത്തിൽ തുടരണോ, തമിഴ്നാടിന് കൈമാറണമോയെന്ന കാര്യത്തിലെ ആശയക്കുഴപ്പം പരിഹരിക്കാൻ നീക്കം. രണ്ടായാലും പ്രശ്നമില്ലെന്ന മട്ടിൽ ജില്ലാ ഗവ.പ്ളീഡറിൽ നിന്നും അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ നിന്നും ലഭിച്ച നിയമോപദേശത്തിൽ വ്യക്തത വരുത്തുന്നതിന് അന്വേഷണ സംഘത്തലവൻ നാളെ അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ നേരിട്ട് പോയി നിയമോപദേശം സ്വീകരിക്കും.

ഇതോടെ കേസ് അന്വേഷണത്തിലും കുറ്റപത്ര സമ‌ർപ്പണത്തിലുമുള്ള ആശയക്കുഴപ്പത്തിന് പരിഹാരമാകും. ഷാരോൺ മരിക്കാനിടയായ സംഭവങ്ങൾ ഉണ്ടായത് തമിഴ്നാട്ടിലെ രാമവർമ്മൻ ചിറയിലായതിനാലാണ് കേസ് അന്വേഷണവും വിചാരണയും തമിഴ്നാട്ടിൽ നടത്തണമെന്ന ആവശ്യമുണ്ടായത്. എന്നാൽ മരണം സംഭവിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിലായതിനാൽ ഇവിടെ അന്വേഷിക്കുന്നതിൽ അപാകതയില്ലെന്ന മറുവാദം ഉണ്ടെങ്കിലും, മരണത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലാത്തത് വിചാരണഘട്ടത്തിൽ ചോദ്യചിഹ്നമാകാനും കേസിനെ ബാധിക്കാനും സാദ്ധ്യതയുണ്ട്. പാറശാല പൊലീസായിരുന്നു കേസെടുത്തത്. ഇത്തരത്തിലുള്ള സംശയങ്ങൾ ദൂരീകരിക്കാനും തുടരന്വേഷണവും വിചാരണയും വേഗത്തിലാക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസിൽ മുൻകൂർ ജാമ്യത്തിനായി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയെ സമീപിച്ചിരിക്കെ തെളിവ് നശിപ്പിക്കലിന് (ഐ.പി.സി 201)പുറമേ കൊലപാതകത്തിൽ പരസ്പര സഹായികളായി പ്രവ‌ർത്തിച്ചെന്ന (ഐ.പി.സി 34) കുറ്റംകൂടി ഇരുവർക്കുമെതിരെ ചുമത്തി.

കേസിൽ അറസ്റ്റും തെളിവെടുപ്പും പൂർത്തിയായെങ്കിലും അന്വേഷണത്തിലെ സുപ്രധാന നടപടികൾ പലതും ഇനിയും അവശേഷിക്കുന്നുണ്ട്. സംഭവ ദിവസം ഗ്രീഷ്മയും ഷാരോണും ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ഫോറൻസിക് പരിശോധനാഫലവും ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് ശേഖരിച്ച കഷായ പാത്രം, കീടനാശിനിക്കുപ്പി എന്നിവയുടെ പരിശോധനാഫലങ്ങളും നിർണായകമാണ്.

ഫോറൻസിക് തെളിവുകളും മറ്റ് ശാസ്ത്രീയ പരിശോധനാഫലങ്ങളും സമാഹരിക്കലും സൈബർ തെളിവുകൾ ശേഖരിക്കലും കൂടുതൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തലുമാണ് ശേഷിക്കുന്നത്. വരുന്ന രണ്ടാഴ്ചയ്ക്കകം ഇത്തരം തെളിവുകൾ കൂടി ശേഖരിച്ച് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.