
തിരുവനന്തപുരം: കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷന്റെ പേരിൽ മലബാർ മേഖലായൂണിയന്റെ കോഴിക്കോട് ഡെയറിയിലെ അറ്റൻഡർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥിക്ക് ലഭിച്ചത് വ്യാജ നിയമന ഉത്തരവാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. ലെറ്റർഹെഡ്, ഓഫീസ് സീൽ, മാനേജിംഗ് ഡയറക്ടറുടെ ഒപ്പ് എന്നിവ വ്യാജമാണെന്ന് പ്രാഥമിക പരിശോധനയിൽത്തന്നെ കണ്ടെത്തി. സംഭവത്തിൽ നിയമനടപടി സ്വീകരിക്കും.
ഫെഡറേഷനിലെ നിയമനങ്ങൾ പി.എസ്.സി വഴിയും മേഖലാ യൂണിയനുകളിലെ നിയമനങ്ങൾ പ്രത്യേക റിക്രൂട്ട്‌മെന്റ് കമ്മിറ്റിയുടെ മേൽനോട്ടത്തിലുമാണ് നടത്തുന്നത്. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ.