
തിരുവനന്തപുരം: സംരംഭക വർഷാചരണവുമായി ബന്ധപ്പെട്ട് കേവലം 7 മാസത്തിനുള്ളിൽ സംസ്ഥാനത്തെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ലക്ഷ്യം കൈവരിച്ച് മാതൃക സൃഷ്ടിച്ചതായി വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് വെളിപ്പെടുത്തി. തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.ബി രാജേഷിൻ്റെ എഫ്.ബി പോസ്റ്റ് തന്റേ ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്തുകൊണ്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഒരു വർഷം കൊണ്ട് രജിസ്റ്റർ ചെയ്യാൻ നിശ്ചയിച്ച സംരംഭങ്ങൾ 7 മാസത്തിനുള്ളിൽ യാഥാർത്ഥ്യമാക്കിയത് ചെറിയ നേട്ടമല്ല. ഓരോ ദിവസവും പുതിയ സ്ഥാപനങ്ങൾ പട്ടികയിലേക്ക് എത്തുന്നുണ്ട്.നിരവധി പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും 90 ശതമാനത്തിന് മേൽ ലക്ഷ്യപ്രാപ്തി കൈവരിച്ചുകഴിഞ്ഞു. 7 പഞ്ചായത്തുകളും 5 മുനിസിപ്പാലിറ്റികളുമാണ് ലക്ഷ്യം കൈവരിച്ചത്.പട്ടാഴി വടക്കേക്കര, വൈത്തിരി, അഞ്ചൽ, തിരുവാണിയൂർ, വെള്ളമുണ്ട, വേങ്ങാട്, നരിക്കുനി എന്നീ പഞ്ചായത്തുകളും വൈക്കം, പാല, കരുനാഗപ്പള്ളി, ഗുരുവായൂർ, കൽപ്പറ്റ എന്നീ മുനിസിപ്പാലിറ്റികളും ഈ നേട്ടം കൈവരിച്ചപ്പോൾ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലും റാന്നി പഴവങ്ങാടി പഞ്ചായത്തിലും 95 ശതമാനത്തിലധികം സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. 1153 ഇന്റേണുകളെയാണ് സംരംഭക വർഷം പദ്ധതിക്കായി വ്യവസായ വകുപ്പ് നിയോഗിച്ചത്. ഇൻ്റേണുകൾക്കൊപ്പം ആത്മാർത്ഥമായി പ്രവർത്തിച്ച വ്യവസായ വകുപ്പിൻ്റെ ലൈൻ ഓഫീസുകളെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. .