പോത്തൻകോട്: പണിമൂലയിൽ തെരുവുനായയുടെ ആക്രമണത്തിൽ 20ഓളം മുട്ടക്കോഴികളെ കടിച്ചു കൊന്ന നിലയിൽ. പണിമൂല തുറമംഗലം സുനിതാ ഭവനിൽ കൃഷ്ണൻകുട്ടി വളർത്തുന്ന കോഴികളെയാണ് വെള്ളിയാഴ്ച രാത്രി തെരുവുനായ്ക്കൾ കൊന്നത്. കോഴിക്കൂടിന്റെ ഇരുമ്പു വലകൾ കടിച്ചു പൊട്ടിച്ച് തെരുവുനായകൾ കൂട്ടിനകത്ത് കടയറി മുഴുവൻ കോഴികളെയും കൊല്ലുകയും പകുതിയോളം കോഴികളെ കൊണ്ടു പോവുകയും ചെയ്തു. പഞ്ചായത്തിൽ നിന്നും സബ്‌സിഡിയിൽ ലഭിച്ച പത്തു കോഴികളും പുറത്തു നിന്നു വാങ്ങിയ പത്തു കോഴികളുൾപ്പെട്ട ഇരുപത് മുട്ടക്കോഴികളാണ് കൂടിനകത്തുണ്ടായിരുന്നത്. ഒരു മാസം മുൻപ് പണിമൂലയിൽ പേപ്പട്ടിയിറങ്ങി അഞ്ചോളം പേരെ കടിച്ചിരുന്നു. കരൂർ,പണിമൂല പ്രദേശങ്ങളിൽ തെരുവുനായകളുടെ ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് കരൂർ വാർഡംഗം ഡി. വിമൽകുമാർ പറഞ്ഞു.