ബാലരാമപുരം: വിവാഹവിരുന്നിനിടെയുണ്ടായ സംഘർഷത്തിൽ വധുവിന്റെ പിതാവിന് മർദ്ദനമേറ്റു. ഇന്നലെ രാത്രി 8 മണിയോടെ ബാലരാമപുരം സെന്റ് സെബാസ്റ്റ്യൻ ആഡിറ്റോറിയത്തിലെ വിവാഹസത്ക്കാരത്തിനിടെയാണ് സംഭവം. വിവാഹത്തിന് ക്ഷണിച്ചില്ല എന്ന കാരണത്താൽ വിഴിഞ്ഞം സ്വദേശിയായ ബന്ധു ഉച്ചക്കട സ്വദേശിയായ വധുവിന്റെ പിതാവ് അനിൽകുമാറി (50)നെ മർദ്ദിച്ചു. തുടർന്ന് സത്‌ക്കാരത്തിൽ പങ്കെടുത്തവർ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു.
പരിക്കേറ്റ അനിൽകുമാറിനെ 108 ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹത്തിൽ പങ്കെടുക്കാനെത്തിയവും ആക്രമം കണ്ട് ഭയചകിതരായി. വിവരമറിഞ്ഞെത്തിയ പൊലീസ് സംരക്ഷണത്തിലാണ് വിവാഹസത്ക്കാരം നടന്നത്. സംഭവത്തിൽ അക്രമികൾക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. അനിൽകുമാറിന്റെ മൊഴി പ്രകാരം കേസ്സെടുക്കുമെന്ന് പൊലീസ് അറിയിച്ചു.