ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട്. കാലിലും ഖൽബിലുമിട്ട് പന്തിനെ തട്ടിക്കൊണ്ടിരിക്കുകയാണ് അവരിൽ പലരും. സാമ്രാജ്യത്വവിരുദ്ധ മനോഭാവവും സംഘബലവും ദേശസ്നേഹവും സാഹോദര്യവും ഫുട്ബോൾ പ്രേമവും വേർതിരിച്ചറിയാൻ കഴിയാത്തവിധം അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ആ സ്പിരിറ്റിലാണ് സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖർ ഫുട്ബോൾ ലോകകപ്പിനെ വരവേൽക്കുന്നത്...

മെസി കപ്പും
കൊണ്ടേപോകൂ
ഇ.പി.ജയരാജൻ
(എൽ.ഡി.എഫ് കൺവീനർ)
അർജന്റീനയാണ് എന്റെ ടീം. കായികപ്രേമികൾക്ക് തുടർച്ചയായി നല്ല കളി സംഭാവന ചെയ്തിട്ടുള്ളവരാണവർ. അവരുടെ കഴിവും കളിയിലെ പ്രത്യേകതയുമാണ് ജനങ്ങളെ ആകർഷിക്കുന്നത്. അർജന്റീന തോൽക്കില്ല. ജയിക്കാൻ മാത്രം ജനിച്ചവരാണവർ. മെസി കപ്പുംകൊണ്ടേ പോകൂ. മെസി തന്നെ അതു പറഞ്ഞിട്ടുണ്ട്. കേരള രാഷ്ട്രീയത്തിൽ ഞാനൊരു ഫോർവേഡാണ്. എതിരാളികളെ പ്രതിരോധിക്കില്ല, കടന്നടിച്ച് മുന്നേറുന്നതാണ് എന്റെ രീതി. എതിരാളികൾ പോലും പ്രതീക്ഷിക്കാത്ത വേഗതയിൽ കടന്നടിച്ച്, അവരുടെ കോർട്ടിലേക്ക് ചാടിക്കയറി ഗോളടിക്കും.
ചങ്കാണ്
അർജന്റീന
കെ.സുധാകരൻ എം.പി
( കെ.പി.സി.സി അദ്ധ്യക്ഷൻ)
ഫുട്ബോൾ കാണാൻ തുടങ്ങിയ കാലം മുതൽ അർജന്റീനയുടെ ആരാധകനാണ്. കോളേജിൽ ഫുട്ബോൾ ടീമിന്റെ ക്യാപ്ടനായിരുന്നു. തലശേരിയിൽ ഫുട്ബോൾ ലീഗിൽ പങ്കെടുത്തിട്ടുണ്ട്. കോഴിക്കോട് അരീക്കോട് തുടർച്ചയായ നാല് വർഷം സെവൻസ് കളിക്കാൻ ഇറങ്ങിയിട്ടുണ്ട്. മറഡോണയാണ് ഇഷ്ട താരം. ലോകകപ്പിലേക്ക് വരുമ്പോൾ ബ്രസീലിനോടും അർജന്റീനയോടും താത്പര്യമുണ്ട്. ഒരു പ്രവചനത്തിന് ഞാനില്ല. എങ്കിലും അർജന്റീന ജയിക്കണമെന്നാണ് ആഗ്രഹം. മെസിയോടുള്ള ഇഷ്ടമാകാം അങ്ങനെ തോന്നാൻ കാരണം.
ബ്രസീലിന്റെ കളി
നർത്തന ചാരുത
പന്ന്യൻ രവീൻ
(സി.പി.ഐ നേതാവ്)
ആരെയും വശീകരിക്കുന്ന സാംബ നൃത്തച്ചുവടുകളും അസാധാരണമായ പ്രകടന മികവും കൊണ്ട് കാണികളെ രസിപ്പിക്കുന്ന ഒരേയൊരു ലാറ്റിൻ അമേരിക്കൻ ടീമാണ് ബ്രസീൽ. പച്ചപ്പുൽ മേട്ടിൽ മഞ്ഞക്കിളികൾ പാറിക്കളിക്കും പോലുള്ള കൗതുകം തരുന്ന അവർ ജയിക്കണം എന്നാണ് ആഗ്രഹം. ഇടംകാൽ കൊണ്ട് ഫുട്ബോൾ ലോകത്ത് ചരിത്രം സൃഷ്ടിച്ച മെസിയാണ് പ്രിയതാരം. ഏറ്റവും കൂടുതൽ ഫ്രീ കിക്ക് അടിച്ച മെസിയുടെ അവസാന ലോകക്കപ്പാണിത്. ഇഷ്ട ടീം ബ്രസീലാണെങ്കിലും മെസി കപ്പ് എടുക്കുന്നതിൽ സന്തോഷം മാത്രം.
ഇറ്റലി
ഇല്ലാത്തതിന്റെ
സങ്കടം
കെ.സുരേൻ
(ബി.ജെ.പി സംസ്ഥാന
പ്രസിഡന്റ് )
ഇറ്റലിയാണ് എന്റെ ഇഷ്ട ടീം. പക്ഷെ ഇക്കൊല്ലം അവർ കളിക്കാനില്ലാത്തതിന്റെ വിഷമമുണ്ട്. അതുകൊണ്ട് പിന്തുണ ബ്രസീലിനാണ്. ബ്രസീലിയൻ കളിക്കാരോട് കുട്ടിക്കാലം തൊട്ടേ ആരാധനയാണ്. ടീമിനോടുള്ള ഇഷ്ടം ബ്രസീലിനോടാണെങ്കിലും മെസിയാണ് ഇഷ്ടതാരം. അദ്ദേഹമൊരു ഫുട്ബോൾ മാന്ത്രികനാണ്. അത്ഭുതപ്രതിഭാസമെന്നേ വിശേഷിപ്പിക്കാൻ പറ്റുകയുളളൂ. കളി തുടങ്ങുന്നതിന്റെ ത്രില്ലിലാണ്. തിരക്കുകൾക്കിടിയിലും കളി കാണാൻ അല്പം സമയം കിട്ടുമെന്നാണ് പ്രതീക്ഷ.
ആന്റണിയെ
കരുതിയിരിക്കണം
വി.ശിവൻകുട്ടി
(വിദ്യാഭ്യാസ മന്ത്രി)
ഗ്രൂപ്പ് ജി യിൽ ഒന്നാം സ്ഥാനക്കാരായി ബ്രസീൽ അടുത്ത റൗണ്ടിൽ കടക്കും. നോക്കൗട്ട് മത്സരത്തിൽ ജയം നേടി സെമി ഫൈനൽ ഉറപ്പിക്കാവുന്ന മികച്ച ടീമാണ് ബ്രസീൽ. ഖത്തറിലെ കാലാവസ്ഥയും ബ്രസീൽ ടീമിന് അനുകുലമാണ്. ഇക്കൊല്ലം ലോകകപ്പ് നേടാൻ ഏറ്റവും സാദ്ധ്യത ഉള്ള ടീമാണ് ബ്രസീൽ. നെയ്മർ, വിനീഷ്യസ് (ജൂനിയർ ) അടക്കമുള്ള പ്രഗത്ഭ കളിക്കാർ ടീമിൽ ഉണ്ടെങ്കിലും ഒരാളുടെ പേര് എടുത്ത് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അത്ഭുത വിംഗർ 22 വയസുകാരൻ ആന്റണിയാണത്. ഈ ടൂർണമെന്റിൽ എതിരാളികൾ കരുതിയിരിക്കണം ആന്റണിയെ.
ബ്രസീൽ
ജയിക്കും
ഹൈബി ഈഡൻ എം.പി
കുട്ടിക്കാലം തൊട്ടേ ബ്രസീലിനെയാണ് ഇഷ്ടം. ലോകകപ്പെന്ന് പറഞ്ഞാൽ ബ്രസീലിന്റെ കളി കാണാനാണ് ടി.വിയ്ക്ക് മുന്നിലിരുന്നിരുന്നത്. ഓരോ കാലഘട്ടത്തിലും ഓരോ താരങ്ങളെയാണ് ഇഷ്ടം. സ്കൂളിലൊക്കെ പഠിക്കുമ്പോൾ ഫുട്ബോൾ കളിക്കുന്നത് ഒരു ലഹരിയായിരുന്നു. രാഷ്ട്രീയത്തിൽ ഫോർവേഡ് കളിക്കാനാണ് ഇഷ്ടം. പോർച്ചുഗീസ് താരം റൊണാൾഡോയാണ് ഇഷ്ടതാരം.
ചെഗുവേരയുടെ
നാട്ടുകാർ
വിജയിക്കും
എം.എം.മണി (മുൻ മന്ത്രി)
ചെഗുവേരയുടെ നാടായതുകൊണ്ടാണ് എനിക്ക് അർജന്റീനയോട് ഇഷ്ടം. മെസിയാണ് ഇഷ്ടപ്പെട്ട കളിക്കാരൻ. വിജയിച്ചാലും പരാജയപെട്ടാലും ഇഷ്ടം മാറില്ല. ക്രിക്കറ്റിനോടും ഇഷ്ടമുണ്ട്. എങ്കിലും നേർക്കുനേർ പോരാട്ടമെന്ന നിലയിൽ ഇഷ്ടക്കൂടുതൽ ഫുട്ബോളിനോട് തന്നെ.
ഫുട്ബോളിന്റെ
സൗന്ദര്യമാണ് പ്രധാനം
മുകേഷ്
(നടൻ,എം.എൽ.എ)
ലോകകപ്പിൽ ബ്രസീൽ മുത്തമിടണം എന്നാണ് ആഗ്രഹം. പക്ഷേ ടീം ഏതായാലും ഫുട്ബാൾ എന്ന കളിയുടെ സൗന്ദര്യം നിലനിറുത്തുന്നതാണ് പ്രധാനം. ഒട്ടും പ്രതീക്ഷിക്കാത്ത ചെറിയ ടീമുകളും കളിക്കാരും പൊങ്ങിവന്ന ചരിത്രമുണ്ട്. നെയ്മർ, മെസി, റൊണാൾഡോ തുടങ്ങിയവർ പ്രിയപ്പെട്ട താരങ്ങളാണെങ്കിലും പ്രശസ്തർ അല്ലാത്ത താരങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കാണാൻ കാത്തിരിക്കുന്നു.
നെയ്മർ
കുന്തമുന
രാജ്മോഹൻ ഉണ്ണിത്താൻ എം.പി
2002ൽ കപ്പ് നേടിയ ബ്രസീൽ 2022ലും കപ്പടിക്കും. കാനറിപ്പടയെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല. ഫിഫ റാങ്കിലെ ഒന്നാം സ്ഥാനം, ടിറ്റോയുടെ പരിശീലനം എല്ലാം ബ്രസീലിന് കരുത്താണ്. മികച്ച ആക്രമണനിരയാണ്. കുന്തമുനയായി നെയ്മറുമുണ്ട്. ചെറുപ്പം മുതലേ ഞാൻ ബ്രസീലിയിൻ കളിക്കാരുടെ ആരാധകനാണ്.
ബ്രസീൽ ചങ്കിടിപ്പ്
അഹമ്മദ് ദേവർകോവിൽ,
തുറമുഖ വകുപ്പ് മന്ത്രി
ബ്രസീൽ ചങ്കല്ല, ചങ്കിടിപ്പാണ്. നെയ്മറാണ് ഇഷ്താരം. ബ്രസീലിന് മുന്നിൽ അർജന്റീന എതിരാളിയാണെന്നേ തോന്നുന്നില്ല. പക്ഷെ ആര് ജയിച്ചാലും തോറ്റാലും ഫുട്ബോൾ ആവേശമാണ്. ഞങ്ങൾ മലബാറുകാർക്ക് ഫുട്ബോൾ ലോകകപ്പെന്നാൽ അതൊരു ഉത്സവമാണ്.
അർജന്റീന
പണ്ടേ സൂപ്പറാ
വി.കെ പ്രശാന്ത് (എം.എൽ.എ)
അന്നും ഇന്നും അർജന്റീനയാണ് പ്രിയപ്പെട്ട ടീം. കേരളത്തിൽ ഏറ്റവുമധികം ആരാധകർ ഉള്ളത് ഒരുപക്ഷേ അർജന്റീനയ്ക്ക് ആയിരിക്കും. ചെറുപ്പം മുതൽ മനസിൽ ആരാധിക്കുന്ന കളിക്കാരൻ മെസിയാണ്. ആവേശം സൃഷ്ടിക്കുന്ന കളിയാണ് മെസിയുടെ പ്രത്യേകത.
അർജന്റീനയോടും
മെസിയോടും പ്രിയം
കെ.എസ്.ശബരീനാഥൻ
(യൂത്ത് കോൺഗ്രസ് വൈസ്
പ്രസിഡന്റ്)
അർജന്റീനയോടും മെസിയോടും പണ്ട് മുതൽക്കേ പ്രിയമാണ്. മെസിയോട് അല്പം സോഫ്റ്റ് കോർണർ ഉണ്ടെന്ന് തന്നെ പറയാം. ജയത്തിന് അടുത്തെത്തി തോൽവി ഏറ്റുവാങ്ങുന്നവരാണല്ലോ അവർ. സ്കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് അർജന്റീനിയൻ പ്രേമം. രാഷ്ട്രീയത്തിൽ ഫോർവേഡ് കളിക്കാനല്ല താത്പര്യം. ഞാൻ അത്യാവശ്യം ഡിഫൻഡറാണ്.
തയ്യാറാക്കിയത്:
സായ്കൃഷ്ണ.ആർ.പി,
ജെ.എസ്.ഐശ്വര്യ