vivadavela

യഥാർത്ഥത്തിൽ കേരളത്തിലെ ഭരണസംവിധാനം ഇന്നൊരു അനിശ്ചിതാവസ്ഥയിലാണ്. ഭരണത്തലവനായ ഗവർണർ ഒരു വശത്തും മന്ത്രിസഭ മറുവശത്തുമായി മപ്പടിച്ച് നിൽക്കുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനം ചേർന്ന് പാസാക്കിയ നാലോ അഞ്ചോ ബില്ലുകൾ ഗവർണർ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്നു. സഭാസമ്മേളനത്തെ തന്നെ നിരാകരിക്കുന്ന വിധത്തിലാണ് ഗവർണറുടെ പോക്ക്. ഗവർണറെ പൂട്ടിച്ചേ അടങ്ങൂ എന്ന വാശിയോടെ മറുവശത്ത് ഭരണനേതൃത്വവും ഭരണമുന്നണിയും നിൽക്കുന്നു.

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയാണെങ്കിൽ വളരെ രൂക്ഷമായ പ്രതിസന്ധിയിലുമാണ്. വായ്പയെടുക്കുന്നതിനടക്കം കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണം ഒരു വശത്ത്. സൗജന്യങ്ങൾ നൽകാൻ വായ്പയെടുക്കുന്നത് നല്ല കീഴ്‌വഴക്കമല്ലെന്നും തെറ്റായ നിലയിൽ വായ്പയെ സമീപിച്ചാൽ ഇടപെടാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും ഈയടുത്ത ദിവസം തിരുവനന്തപുരത്തെത്തി പറഞ്ഞത് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമനാണ്. സംസ്ഥാന സർക്കാരുകൾക്ക് മേലേ വല്ലാതെ മെക്കിട്ട് കയറുന്നതാണ് തങ്ങളുടെ ചുമതലയെന്ന് കേന്ദ്രസർക്കാർ തെറ്റിദ്ധരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസം മുമ്പ് ഇതിന് മറുപടി നൽകി.

സംസ്ഥാനത്ത് അരിവിലയും മറ്റും കുതിച്ചുയരുന്നു. ആന്ധ്ര സർക്കാരുമായി ചേർന്ന് വില പിടിച്ചുനിറുത്താൻ ഇടപെടലുകളൊക്കെ കേരള സർക്കാർ നടത്തുന്നുണ്ടെങ്കിലും ഒന്നുമങ്ങോട്ട് കാര്യമായി പ്രതിഫലിച്ച് കാണുന്നില്ല. പൊലീസിന്റെയൊക്കെ ഭാഗത്ത് നിന്നുണ്ടാകുന്ന അതിക്രമങ്ങൾ സംസ്ഥാനത്ത് അവിടവിടെയായി സർക്കാരിനെ നാണം കെടുത്തുന്നു. കഴിഞ്ഞദിവസം സഹികെട്ട് മുഖ്യമന്ത്രി തന്നെ അത്തരം പൊലീസുകാർക്ക് കടുത്തസ്വരത്തിൽ മുന്നറിയിപ്പ് നൽകുകയുണ്ടായി. പക്ഷേ ഇതൊന്നുമല്ല രാഷ്ട്രീയകേരളത്തിന്റെ നാഡീവ്യൂഹത്തെ ചലിപ്പിച്ചുകൊണ്ടിരിക്കുന്നത്. അത് ഗവർണറും സംസ്ഥാന സർക്കാരും തമ്മിലെ മല്ലയുദ്ധമാണ്. ഒരു ബ്ലോക്ക് ബസ്റ്റർ മസാല സിനിമയുടെ ത്രസിപ്പിക്കുന്ന അനുഭവം പകർന്ന് തരുന്നുണ്ട് ഈ യുദ്ധം. പക്ഷേ ആത്യന്തികമായി ഈ യുദ്ധവും വേറൊരു ദുരന്തചിത്രം നമുക്ക് മുന്നിൽ തുറന്നിടുന്നു. അത് നമ്മുടെ സർവകലാശാലകളുടെ അവസ്ഥയാണ്. സർവകലാശാലകളുടെയെല്ലാം വി.സിമാരെ പുകച്ചു ചാടിക്കാൻ ഗവർണറും അതനുവദിക്കില്ലെന്ന് സർക്കാരും കടുപ്പിച്ച് നിൽക്കുമ്പോൾ അവതാളത്തിലാവുന്നത് വിദ്യാർത്ഥികളുടെ ഭാവിയാണ്.

ഓർഡിനൻസും

ചാൻസലറും

കഴിഞ്ഞ സെപ്തംബറിൽ ചേർന്ന നിയമസഭാ സമ്മേളനം 11 ബില്ലുകൾ പാസാക്കി. നിയമസഭയെ നോക്കുകുത്തിയാക്കി ഓർഡിനൻസുകൾ പാസാക്കി വിട്ടാൽ അനുവദിക്കാനാവില്ലെന്ന് ഗവർണർ തന്നെ മുന്നറിയിപ്പ് നൽകിയതോടെയാണ് ഒക്ടോബറിൽ വിളിച്ചു ചേർക്കാനിരുന്ന നിയമസഭാ സമ്മേളനം സെപ്‌തംബറിൽ തന്നെ ചേർന്ന് ബില്ലുകൾ പാസാക്കിയത്.

അഴിമതിവിരുദ്ധ സംവിധാനമായ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ലോകായുക്ത ഭേദഗതിബില്ലും സർവകലാശാലാ വി.സിമാരുടെ നിയമനത്തിനുള്ള സെർച്ച് കം സെലക്‌ഷൻ കമ്മിറ്റിയിലെ അംഗസംഖ്യ മൂന്നിൽനിന്ന് അഞ്ചാക്കി ഉയർത്തി ഗവർണറുടെ മേൽക്കൈ ഇടിക്കുന്ന സർവകലാശാലാ ഭേദഗതി ബില്ലടക്കമാണ് ആ സമ്മേളനം പാസാക്കിയത്. എന്നാൽ ഏറെ കോളിളക്കവും രാഷ്ട്രീയ കോലാഹലവും സൃഷ്ടിച്ച ഈ രണ്ട് ബില്ലുകളുൾപ്പെടെയാണ് ഗവർണർ ഒപ്പിടാതെ പിടിച്ചുവച്ചിട്ടുള്ളത്.

അതിനുശേഷം ഗവർണറും സർക്കാരും തമ്മിലെ പോര് മുമ്പെന്നത്തേക്കാളും വഷളായി. ഗവർണർക്ക് മണികെട്ടാൻ പഠിച്ച പണി പതിനെട്ടും ആവനാഴിയിലെ സകല അസ്ത്രങ്ങളും പ്രയോഗിക്കുകയാണ് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനോ സർക്കാരിനോ എന്നിട്ടും ഇതുവരെ അതിന് സാധിക്കുന്നില്ല. പരിണിതപ്രജ്ഞനും കുശാഗ്രബുദ്ധിയുമായ രാഷ്ട്രീയ നേതാവാണ് ആരിഫ് മുഹമ്മദ് ഖാൻ. അദ്ദേഹം കോൺഗ്രസിന്റെയും രാജീവ് ഗാന്ധിയുടെയും പ്രതാപകാലത്ത് ഷാബാനു കേസിൽ രാജീവ് ഗാന്ധിയെ വിറപ്പിച്ച വ്യക്തിയാണ്. അദ്ദേഹത്തോട് കളിച്ചാൽ പ്രയോജനമില്ലെന്ന വലിയ ബോദ്ധ്യങ്ങളിലേക്കാണ് കേരളത്തിലെ മുഖ്യമന്ത്രിയും കരുത്തനായ രാഷ്ട്രീയനേതാവുമായ പിണറായി വിജയൻ എത്തിക്കൊണ്ടിരിക്കുന്നത്.

അങ്ങനെയിരിക്കെ സുപ്രീംകോടതിയിൽ നിന്ന് സുപ്രധാനമായ ഒരു വിധി വന്നു. കേരള സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലറായിരുന്ന ഡോ.എം.എസ്. രാജശ്രീയുടെ നിയമനം യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ റദ്ദാക്കിക്കൊണ്ടുള്ളതാണ് വിധി. തുടക്കം മുതലുള്ള നിയമനങ്ങൾക്ക് ഇത് ബാധകമാക്കുമെന്നും വിധിയിൽ പറഞ്ഞതോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വർദ്ധിതവീര്യത്തോടെ പ്രതികാരനടപടികൾ ഊർജ്ജിതമാക്കി.

സർക്കാരിനെ വെല്ലുവിളിക്കാനും വിറപ്പിക്കാനും ഇതിലും വലിയ അവസരം അദ്ദേഹത്തിന് കിട്ടാനില്ല. അതുകൊണ്ട് ആദ്യമേ തന്നെ കേരളത്തിലെ ഒൻപത് സർവകലാശാലകളിലെ വി.സിമാരോട് അദ്ദേഹം രാജി ആവശ്യപ്പെട്ടു. അവർ കോടതിയെ സമീപിച്ചതോടെ സ്വാഭാവിക നീതിനിഷേധം മുഖവിലയ്‌ക്കെടുത്ത് ഹൈക്കോടതി ഇടപെട്ടു. പിന്നാലെ ഗവർണർ രണ്ട് സർവകലാശാലകളിലെ വി.സിമാരെ കൂടി ചേർത്ത് 11 വി.സിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് കൊടുത്തു. അവർ വിശദീകരണം നൽകിയെങ്കിലും ഗവർണറുടെ നീക്കത്തിനെതിരെ വി.സിമാരുടെ ഹർജിയിൽ ഹൈക്കോടതി ഇപ്പോൾ താത്‌കാലിക സ്റ്റേ അനുവദിച്ചിട്ടുണ്ട്.

സാങ്കേതിക സർവകലാശാലയിൽ സുപ്രീംകോടതി വിധിയെ തുടർന്ന് പകരം ചുമതലയേല്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നിർദ്ദേശിച്ച രണ്ട് പേരുകളും ഗവർണർ തള്ളി. അദ്ദേഹം നിയോഗിച്ച ഡോ. സിസ തോമസിനെ സർവകലാശാലാ ആസ്ഥാനത്ത് ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധ സമരമുറകളുമായി നിൽക്കുകയാണ് ഇടത് അദ്ധ്യാപക, വിദ്യാർത്ഥി സംഘടനകൾ.

വി.സിമാർക്കെതിരെ സുപ്രീംകോടതി വിധിയെ ആയുധമാക്കിക്കൊണ്ട് ഗവർണർ നടത്തുന്ന അഭ്യാസത്തെ പ്രതിരോധിക്കാനാണ് സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കിയുള്ള ഓർഡിനൻസ് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചത്. തന്നെ ചാൻസലർ പദവിയിൽ നിന്ന് നീക്കിക്കോളൂ എന്ന് അടുത്തിടെ രാജ്ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിലുൾപ്പെടെ പറഞ്ഞ ഗവർണർ, പക്ഷേ ഇന്നത്തെ സാഹചര്യത്തിൽ ഈ ഓർഡിനൻസിൽ ഒരു കാരണവശാലും ഒപ്പിടില്ലെന്ന് ഉറപ്പാണ്.

ഓർഡിനൻസ് രാഷ്ട്രപതിക്ക് വിടുമെന്ന് പറഞ്ഞാണ് അദ്ദേഹമിപ്പോൾ നിൽക്കുന്നത്. ചാൻസലർ പദവി മാറ്റുന്നത് പൂർണമായും സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ വരുന്ന വിഷയമായതിനാൽ രാഷ്ട്രപതിക്ക് വിടുന്നത് ഭരണഘടനാവിരുദ്ധമാണെന്നാണ് ഇടതുസർക്കാരിന്റെ വാദം. പക്ഷേ, തന്നെ സംബന്ധിക്കുന്ന ഓർഡിനൻസിൽ താൻ തന്നെ തീർപ്പ് കല്പിക്കുന്നത് ഉചിതമല്ലെന്ന നീതിവ്യവസ്ഥയിലെ പാഠമാണ് ഗവർണർക്ക് ആയുധം. അങ്ങനെയാവുമ്പോൾ അത് രാഷ്ട്രപതി തീരുമാനിക്കട്ടെയെന്ന്.

ബില്ലും

ഭരണത്തലവനും

നിയമസഭ പാസാക്കുന്ന ബില്ലോ, അല്ലെങ്കിൽ നിയമസഭ ചേരാത്തപ്പോൾ മന്ത്രിസഭ പാസാക്കുന്ന പകരമുള്ള ഓർഡിനൻസോ ഗവർണർക്ക് അയക്കപ്പെട്ട് കഴിഞ്ഞാൽ ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം അദ്ദേഹത്തിന് മുന്നിൽ നാല് വഴികളാണുള്ളത്. ഒന്നാമത്തേത് അംഗീകരിച്ച് തിരിച്ചയക്കാം. അതോടെ ബിൽ നിയമമായി. രണ്ടാമത്തേത് അതിലെ വ്യവസ്ഥകളിൽ വ്യക്തത ചോദിച്ച് വിശദീകരണം തേടി തിരിച്ചയക്കാം. സർക്കാർ ആറുമാസത്തിനകം അതേ ബിൽ വീണ്ടും പാസാക്കി വിട്ടാൽ ഗവർണർക്ക് ഒപ്പിട്ടേ പറ്റൂ. മൂന്നാമത്തേത് ബിൽ രാഷ്ട്രപതിക്ക് വിടുക എന്നതാണ്. അവസാനത്തെ വ്യവസ്ഥ അനിശ്ചിതമായി ഗവർണർക്ക് അത് പിടിച്ചുവയ്ക്കാമെന്നുള്ളതും. അതായത്, ഗവർണർ അത് പിടിച്ചുവയ്ക്കരുതെന്ന് ഭരണഘടന പറയുന്നില്ല. ഈ പിടിവള്ളിയിലാണ് ഗവർണറിപ്പോൾ മുറുക്കിപ്പിടിച്ചിരിക്കുന്നത്. അങ്ങനെയാണ് കുറേ ബില്ലുകൾ പിടിച്ചുവച്ചത്.

ഇങ്ങനെ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു നിയമസഭ പാസാക്കിവിടുന്ന ബില്ലുകൾ ഗവർണർക്ക് പിടിച്ചുവയ്ക്കാമോ എന്നൊക്കെയുള്ളത് ധാർമികമായ ചോദ്യങ്ങളാണ്. ഭരണഘടനയുടെ 361ാം അനുച്ഛേദം അനുസരിച്ചാണെങ്കിൽ രാഷ്ട്രപതി, ഗവർണർമാർ എന്നിവർക്കെതിരായ ഒരു ഹർജിയും ഒരു കോടതിയിലും നിൽക്കില്ല. അതുകൊണ്ട് ഗവർണറുടെ ഈ ചെയ്തിക്കെതിരെ സർക്കാർ ലക്ഷങ്ങൾ കൊടുത്ത് നിയമോപദേശം തേടിയത് കൊണ്ടും ഒരു പ്രയോജനവുമില്ല.

ഇനി രാഷ്ട്രപതിക്ക്

വിട്ടാലോ...

ഗവർണറെ ചാൻസലർ പദവിയിൽനിന്ന് നീക്കിയുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് വിടുമെന്നാണ് ഗവർണറുടെ പ്രഖ്യാപനം. രാഷ്ട്രപതിക്ക് അയയ്‌ക്കുക എന്ന് വച്ചാൽ ആദ്യം ഈ ബിൽ എത്തിച്ചേരുക കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിലാണ്. അവിടെ നിന്ന് ബന്ധപ്പെട്ട ഭരണമന്ത്രാലയത്തിലേക്ക് വിടും. ഇവിടെ ഭരണമന്ത്രാലയമെന്ന് പറയുന്നത് മാനവവിഭവ ശേഷി മന്ത്രാലയമാണ്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടത്. അവിടെനിന്ന് കേന്ദ്ര നിയമമന്ത്രാലയത്തിലേക്കും അവിടെനിന്ന് രാഷ്ട്രപതി ഭവനിലേക്കുമെത്തും. ഈ കടമ്പകളൊക്കെ താണ്ടാൻ സമയമേറെ എടുക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതുണ്ടോ? പ്രത്യേകിച്ചും ബി.ജെ.പി കേന്ദ്രം ഭരിക്കുമ്പോൾ.

രാഷ്ട്രപതിക്ക് അയയ്ക്കുന്ന ഓർഡിനൻസ് അനിശ്ചിതത്വത്തിലായാലും നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ മന്ത്രിസഭ തീരുമാനിക്കുന്നതോടെ, ആ ഓർഡിനൻസ് അസാധുവായി കണക്കാക്കി കേരള നിയമസഭയിൽ പുതിയ നിയമനിർമാണത്തിലേക്ക് സർക്കാരിന് കടക്കാവുന്നതേയുള്ളൂ. എന്നിരുന്നാലും, അവിടെ ഒരു ഔചിത്യക്കുറവിന്റെ പ്രശ്നമുദിക്കുന്നു. ഒരേ വിഷയത്തിൽ ഒരു ഓർഡിനൻസ് രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്നു. അതേ വിഷയത്തിൽ വേറൊരു ബിൽ പിന്നാലെ വരുന്നു. രണ്ടും ഒരേ കാര്യം. ഇങ്ങനെയെത്തിയാൽ രാഷ്ട്രപതി എന്ത് ചെയ്യും എന്നതൊരു ചോദ്യമാണ്.

ബിൽ നിയമസഭയിൽ

എത്തിയാൽ

ബിൽ നിയമസഭയിലെത്തിയാൽ ഭരണമുന്നണിക്കുണ്ടാകുന്ന ഗുണം അവിടെ ഗവർണർക്കെതിരെ ഘോരഘോരം പ്രസംഗിക്കാനും അതെല്ലാം സഭാരേഖയിൽ ഇടംപിടിച്ച് ചരിത്രത്തിന്റെ ഭാഗമാക്കാനും സാധിക്കുമെന്നുള്ളതാണ്. പ്രതിപക്ഷം അവിടെ എന്ത് നിലപാടെടുക്കും എന്നത് പരമപ്രധാനമാണ്.

ഗവർണറുടെ നിലപാടുകളെ ശക്തിയായി തുറന്നെതിർക്കുന്നവരാണ് മുസ്ലിംലീഗുകാർ. കോൺഗ്രസ് നേതാക്കൾ ഗവർണറുടെ ആർ.എസ്.എസ് അനുകൂല നിലപാടുകളെ വിമർശിക്കുന്നുണ്ടെങ്കിലും സർവകലാശാലാ ചാൻസലർ വിഷയത്തിൽ ഗവർണറെ അങ്ങനെ തള്ളിപ്പറയാൻ അവർ ഒരുക്കമല്ല. ഗവർണറെ നീക്കിയാൽ സർവകലാശാലകളിൽ സി.പി.എം ഭരണമായിരിക്കും പിന്നീട് എന്നാണവരുടെ അഭിപ്രായം. ലീഗുകാർ ഇതിനോട് അതേ നിലയിൽ യോജിക്കുമോ എന്നൊക്കെ സഭാസമ്മേളനം ചേരുമ്പോളറിയാം.

ഏതായാലും ഇന്ന് ഇടതുമുന്നണി ഗവർണർക്കെതിരെ രാജ്ഭവന് മുന്നിൽ ഉപരോധസമരം സംഘടിപ്പിക്കുകയാണ്. ഇടതുമുന്നണിയെന്ന പേരിലല്ല സമരം. മറിച്ച് ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി എന്ന പേരിലാണ്. ഇതിനൊരു കക്ഷിരാഷ്ട്രീയ പരിവേഷമൊഴിവാക്കി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പൊതുവായ പ്രശ്നമെന്ന നിലയിൽ അവതരിപ്പിക്കാനാണ് ശ്രമം. ഗവർണറുടേത് ആർ.എസ്.എസിന് വേണ്ടിയുള്ള ദാസ്യവേലയാണെന്ന് വരുത്താനും ശ്രമിക്കുന്നു.

രാജ്യമാകെ, ബി.ജെ.പിയി ഇതര സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് സർക്കാരുകളെ വരുതിയിലാക്കാൻ ബി.ജെ.പി സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് കേരള ഗവർണറുടെ ഇടപെടലുമെന്ന് സി.പി.എമ്മും സി.പി.ഐയും മറ്റും പറയുന്നു. തമിഴ്നാട്, തെലുഗുദേശം, ബംഗാൾ, രാജസ്ഥാൻ സംസ്ഥാനങ്ങളിലെല്ലാം സമാനനിലയാണെന്നവർ പറയുന്നു. ഇന്നത്തെ രാജ്ഭവൻ മാർച്ചിൽ തമിഴ്നാട് സർക്കാരിന് നേതൃത്വം കൊടുക്കുന്ന ഡി.എം.കെയുടെ എം.പി തിരുച്ചിശിവം ഐക്യദാർഢ്യംപ്രകടിപ്പിക്കാനെത്തുന്നു എന്നതും ശ്രദ്ധേയമാണ്.

നിയമസഭാ സമ്മേളനം അടുത്തവർഷം തുടങ്ങേണ്ടത് ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ്. ഈ വർഷമേ തുടങ്ങിവച്ച് അടുത്തവർഷം ആദ്യത്തിലേക്ക് അത് നീട്ടിയാൽ നയപ്രഖ്യാപനമൊഴിവാക്കാം. സർക്കാർ അത്തരമൊരു നീക്കം ആലോചിക്കുന്നതായി സൂചനകളുണ്ട്. ഏതായാലും ഗവർണറും സർക്കാരും തമ്മിലെ പോര് ഇപ്പോഴൊന്നും ശമിക്കുമെന്ന് കരുതുക പ്രയാസം തന്നെയാണ്. സംസ്ഥാനത്ത് ഭരണപ്രതിസന്ധി അതുകൊണ്ട് തുടരുകയും ചെയ്യും.