നെയ്യാറ്റിൻകര: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ സുവർണ ജൂബിലി ആഘോഷം 2023 മാർച്ച് 26ന് കൊച്ചിയിൽ മഹാസമ്മേളനത്തോടെ സമാപിക്കും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ 12 ലത്തീൻ രൂപതകളിലും രൂപതാതല ആഘോഷങ്ങൾ നടക്കുന്നുണ്ട്.ഇതിന്റെ ഭാഗമായി നെയ്യാറ്റിൻകര രൂപതയുടെ സുവർണ ജൂബിലി ആഘോഷം 'സുവർണ ദീപ്തി സംഗമം' 18, 19 തിയതികളിലായി നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടക്കും. രൂപതയിലെ 11 സോണിലും നടന്നു വരുന്ന സോണൽ സമ്മേളനങ്ങൾ ഇന്ന് സമാപിക്കും.

ഭാരതത്തിലെ ആദ്യ അല്മായ രക്തസാക്ഷി വിശുദ്ധ ദേവസഹായം പിള്ളയുടെ പേരിലുള്ള ഭാരതത്തിലെ ആദ്യ ദൈവാലയമായ ആറയൂരിന്റെ ഉപഇടവകയായ ചാവല്ലൂർപ്പൊറ്റ ദൈവാലയത്തിൽ നിന്ന് സുവർണ ദീപ്തി സംഗമത്തിന് മുന്നോടിയായി 18ന് ജൂബിലി പതാക പ്രയാണം ആരംഭിക്കും.വൈകിട്ട് 4ന് ദിവ്യബലിയോടെ ആരംഭിക്കുന്ന പതാക പ്രയാണം ഫെറോന വികാരി ഫാ.ജോസഫ് അനിൽ റാലി ഫ്ലാഗ് ഓഫ് ചെയ്യും. ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ചാവല്ലൂർപ്പൊറ്റയിൽ നിന്ന് ആരംഭിച്ച്, പാറശാല, ഉദിയൻകുളങ്ങര, അമരവിള, നെയ്യാറ്റിൻകര ടൗൺ ചുറ്റി വ്ലാങ്ങാമുറി ലോഗോസ്' പാസ്റ്ററിൽ സമാപിക്കും.

19ന് രാവിലെ 8ന് ദിവ്യബലി, 9ന് രജിസ്ട്രേഷൻ, 9.30ന് പതാക ഉയർത്തൽ, 10ന് സുവർണ ദീപ്തി സംഗമം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഠനം, ചർച്ച, കൾച്ചറൽ പ്രോഗ്രാം എന്നിവയ്ക്ക് ശേഷം വൈകിട്ട് 3ന് സാംസ്കാരിക സമ്മേളനം അഭിവന്ദ്യ ഫാ.വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്യും. എം.വിൻസെന്റ് എം.എൽ.എ, വികാരി ജനറൽ ജി.ക്രിസ്തുദാസ്,വി.പി.ജോസ്, സംസ്ഥാന പ്രസിഡന്റ് ആന്റണി നെറോന, ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ് തുടങ്ങിയവർ പങ്കെടുക്കും.