pl

തിരുവനന്തപുരം: ചില പൊലീസുകാരുടെ ദുഷ്പ്രവൃത്തികൾമൂലം സർക്കാരിന് തലകുനിക്കേണ്ട സ്ഥിതി വരുന്നുവെന്ന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിതന്നെ വിളിച്ചുപറയേണ്ടിവന്ന സ്ഥിതിയിലായി കേരളം. കുറ്റവാളികളായ പൊലീസുകാർ രാഷ്ട്രീയസംരക്ഷണത്തിലൂടെ നിയമപാലകരായി തുടരുന്നതാണ് ഈ ദുരവസ്ഥയ്ക്ക് ആക്കം കൂട്ടുന്നത്.

ഭർത്താവ് ജയിലിലായ തക്കം നോക്കി ഭാര്യയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സി.ഐയും പോക്സോ കേസിലെ ഇരയെ തെളിവെടുപ്പ് കഴിഞ്ഞുള്ള യാത്രയിൽ ഉപദ്രവിച്ച എ.എസ്.ഐയും അവസാന കണ്ണികൾ മാത്രം. നിയമസഭയിൽ വച്ച കണക്കുപ്രകാരം പൊലീസിൽ 744 ക്രിമിനൽ കേസ് പ്രതികളുണ്ട്. ശിക്ഷിക്കപ്പെട്ട 18പേരെ പിരിച്ചുവിട്ടിട്ടുണ്ട്. 691ഉദ്യോഗസ്ഥർ വകുപ്പുതല അന്വേഷണത്തിലാണ്. അറുപതിനായിരം പേരുള്ള സേനയുടെ അന്തസ് കളയുന്നത് ഒന്നരശതമാനം പോലുമില്ലാത്ത ഈ ക്രിമിനലുകൾ.

കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കൽ, ലൈംഗിക പീഡനം, കസ്റ്റഡി മരണം, സ്ത്രീധന പീഡനം തുടങ്ങിയ കേസുകളിലെ പ്രതികളും ഇക്കൂട്ടത്തിലുണ്ട്. 65 പൊലീസുകാർ പീഡനക്കേസുകളിൽ പ്രതികളാണ്. ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ ഗുരുതര കു​റ്റകൃത്യങ്ങളിൽ പ്രതികളായ 59 പൊലീസുകാരുടെ മറ്റൊരു പട്ടികയുമുണ്ട്.

ലൈംഗിക അതിക്രമത്തിന് പരാതി നല്‍കാൻ സ്റ്റേഷനിലെത്തിയ വീട്ടമ്മയെ വാടകവീട്ടിൽ കടന്നുകയറി പീഡിപ്പിക്കാൻ ശ്രമിച്ചതിന് പൊലീസുദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവം നടന്നത് തിരുവനന്തപുരത്താണ്.ക്രിമിനൽ പൊലീസിന്റെ തൊപ്പിതെറിപ്പിക്കുമെന്ന് മുഖ്യമന്ത്രി ആവർത്തിക്കാറുണ്ടെങ്കിലും സസ്പെൻഷൻ, നല്ലനടപ്പ്, സ്ഥലംമാറ്റം എന്നിങ്ങനെ നിസാര നടപടികളിൽ സംഗതി ഒതുങ്ങും. ആറുമാസത്തെ സസ്പെൻഷനുശേഷം കാക്കിയിട്ട് വിലസാം. ഇത്തരക്കാർക്ക് മുൻപ് ക്രമസമാധാനച്ചുമതല നൽകിയിരുന്നില്ല. ഇപ്പോൾ അങ്ങനെയൊരു മുൻകരുതൽ പോലുമില്ല. ഇന്റലിജൻസ് റിവ്യൂവും ഇല്ലാതായി

എസ്.ഐക്കെതിരായ വകുപ്പുതല അന്വേഷണം തീരാൻ 15 വർഷം വേണ്ടിവരുന്നതാണ് നമ്മുടെ സംവിധാനം. അപ്പോഴേക്കും ഡിവൈ.എസ്.പിയാവും. വിരമിക്കാറാവുമ്പോഴേക്കും ക്ലീൻ റിപ്പോർട്ട് റെഡിയാവും. പെൻഷനിൽ 250രൂപ കുറവുചെയ്യുന്നതാവും 'കടുത്തശിക്ഷ".

ഗുണ്ടകളുമായും മാഫിയകളുമായും പൊലീസുദ്യോഗസ്ഥർ അവിശുദ്ധബന്ധം പുലർത്തുന്നതായി ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ്കുമാർ വ്യക്തമാക്കിയിട്ടുണ്ട്.

# പുറത്താക്കാൻ ചട്ടമുണ്ട്

1. പൊലീസ് ആക്ടിലെ 86(ബി)ചട്ടപ്രകാരം അക്രമം, അസാന്മാർഗ്ഗികം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടാൽ സേനയിൽ നിന്ന് പുറത്താക്കാം

2. ശിക്ഷിക്കപ്പെട്ടില്ലെങ്കിലും ശാരീരികവും മാനസികവും പെരുമാറ്റപരവുമായി പൊലീസ്ജോലിക്ക് ‘അൺഫിറ്റാണെങ്കിൽ’ 86(സി) ചട്ടപ്രകാരം പുറത്താക്കാം

3. പൊലീസ് ആക്ടിൽ 2012ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം ഡ്യൂട്ടിയിൽ ഗുരുതരമായ വീഴ്ചവരുത്തിയാൽ പിരിച്ചുവിടാം

(കെവിൻ കൊലക്കേസിൽ ഔദ്യോഗിക കൃത്യവിലോപനത്തിന് പിരിച്ചുവിടാൻ നോട്ടീസ് നൽകിയ എസ്.ഐ ഷിബുവിനെ സസ്പെൻഷനുശേഷം തിരിച്ചെടുത്തു.)

# പ്രതിയായാൽ 5 വഴിപാട്

1. പ്രതികളായ പൊലീസുകാരെ സസ്പെൻഡ് ചെയ്യും
2. ആറുമാസം കഴിയുമ്പോൾ പുനഃപരിശോധിക്കും
3. 95ശതമാനം പൊലീസുകാരെയും തിരിച്ചെടുക്കും
4. കാക്കിയിട്ടുള്ള ക്രമസമാധാനപാലനം നൽകും
5. ഗുരുതരമായ ചാർജ്ജ്‌മെമ്മോ നൽകാതെ രക്ഷിക്കും

#പൊലീസിലെ ക്രിമിനലുകൾ

തിരുവനന്തപുരം സി​റ്റി-84,

റൂറൽ-110,

കൊല്ലം-48,

റൂറൽ-42,

പത്തനംതിട്ട-35,

ആലപ്പുഴ-64,

കോട്ടയം-42,

ഇടുക്കി-26,

എറണാകുളം സിറ്റി-50,

റൂറൽ-40,

തൃശൂർസിറ്റി-36,

റൂറൽ-30,

പാലക്കാട്-48,

മലപ്പുറം-37,

കോഴിക്കോട്-18,

റൂറൽ-16,

കണ്ണൂർ- 18,

#പീഡനക്കേസ് പ്രതികൾ

തിരുവനന്തപുരം- 22

പത്തനംതിട്ട- 11

കോട്ടയം, വയനാട്- 5