
കല്ലമ്പലം: നാവായിക്കുളം പഞ്ചായത്ത് പരിധിയിൽ ഒട്ടുമിക്ക റോഡുകളും കാട് മൂടിയ നിലയിൽ. റോഡുകളുടെ ഇരുവശവും പുല്ലുകളും പാഴ്ച്ചെടികളും വളർന്ന് കാട് മൂടിയതിനാൽ റോഡിനു സൈഡിലുള്ള ഓടകൾ തിരിച്ചറിയാനാവാതെ വാഹനങ്ങളും കാൽനടയാത്രികരും അപകടങ്ങളിൽപ്പെടുന്നത് പതിവ് കാഴ്ചയാണ്. റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾകാൽനടയാത്രക്കാർ കാടുപിടിച്ചു കിടക്കുന്ന പാതയോരത്ത് കയറി നിൽക്കണം. റോഡിൽ ഇഴ ജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. കൂടാതെ മുള്ളൻപന്നി, കാട്ടുപന്നി, ഊളൻ, തെരുവ് നായ്ക്കൾ എന്നിവയും ഭീതി പരത്തുന്നു. തൊഴിലുറപ്പ് തൊഴിലാളികൾ പഞ്ചായത്തിലുടനീളം പറമ്പുകൾ വൃത്തിയാക്കുമ്പോൾ റോഡുകളെ അവഗണിക്കുന്നതിൽ പ്രതിഷേധം ശക്തമാണ്. റോഡുകളുടെ ഇരുവശവുമുള്ള കാടുകൾ വെട്ടിത്തെളിച്ച് സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.