
പാറശാല: നിംസ് ഹാർട്ട് ഫൗണ്ടേഷന്റെ 15- മത് വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന 'എന്റെ ഹൃദയം എന്റെ ഗ്രാമം" പദ്ധതിയുടെ ഭാഗമായി പാറശാല ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് സൗജന്യ ഹൃദ്രോഗനിർണയ മെഗാക്യാമ്പും ബോധവത്ക്കരണവും സംഘടിപ്പിച്ചു. പുത്തൻകട ഇ.എം.എസ് ഹാളിൽ നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത അദ്ധ്യക്ഷത വഹിച്ചു.കഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിൻ,സിനിമാ സീരിയൽതാരം നീനാ കുറുപ്പ് എന്നിവർ വിശിഷ്ടാതിഥികളായി. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.ബെൻഡാർവിൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വൈ.സതീഷ്,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു,വാർഡ് മെമ്പർമാരായ എം.സുനിൽ,വിനിത,വീണ തുടങ്ങിയവർ പങ്കെടുത്തു. കാർഡിയോളജിസ്റ്റും നിംസ് ഹാർട്ട് ഫൗണ്ടേഷൻ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റുമായ ഡോ.പി.ശ്രീജിത്ത് ക്യാമ്പിന് നേതൃത്വം നൽകി.