ബാലരാമപുരം: കല്യാണം ക്ഷണിക്കാത്തതിനെ ച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വിവാഹ റിസപ്ഷനിടെ വധുവിന്റെ അച്ഛന് മർദ്ദനമേറ്റ സംഭവത്തിൽ 20 പേർക്കെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു. അഭിജിത്ത്, രാഹുൽ, സന്ദീപ്, വിവേക്, കൂട്ടുസൻ എന്നിവരും കണ്ടാലറിയുന്ന മറ്റ് 15 പേർക്കെതിരെയുമാണ് ബാലരാമപുരം പൊലീസ് കേസെടുത്തത്. പ്രതികൾ ഒളിവിലാണ്. മർദ്ദനത്തിൽ തലയ്‌ക്ക് പരിക്കേറ്റ വധുവിന്റെ അച്ഛൻ അനിൽകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ശനിയാഴ്ച രാത്രി ഒമ്പതോടെ ബാലരാമപുരം സെൻ സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാരത്തിലാണ് സംഘർഷം. വിവാഹം ക്ഷണിച്ചില്ലെന്ന പരാതിയുമായി ഓഡിറ്റോറിയത്തിലെത്തിയ വിഴിഞ്ഞം സ്വദേശി വധുവിന്റെ ബന്ധുക്കളുമായുണ്ടായ തർക്കം രൂക്ഷമാകുകയും പ്രദേശത്തെ ചെറുപ്പക്കാർ ഇടപെടുകയും ചെയ്‌തോടെയാണ് സംഘർഷമുണ്ടായത്. തലയ്‌ക്ക് പരിക്കേറ്റ അനിൽകുമാറിനെ ശനിയാഴ്ച രാത്രി തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ നടന്ന വിവാഹ ചടങ്ങിലും ഓഡിറ്റോറിയത്തിൽ പൊലീസ് ക്യാമ്പ് ചെയ്‌തിരുന്നു. ഇന്നലെ രാത്രിയോടെയാണ് വധുവിന്റെ അച്ഛൻ അനിൽകുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്.