ശാരദ

അന്നുവരെ കണ്ടു ശീലിച്ചതു പോലെയായിരുന്നില്ല 'സ്വയംവര"ത്തിലെ കാഴ്ചകൾ.എങ്ങനെയാണ് അഭിനയിക്കേണ്ടതെന്ന് പഠിപ്പിച്ചു തന്നശേഷം കാമറയുടെ മുന്നിലേക്ക്. മലയാളത്തിൽ കൊമേഴ്സ്യൽ ചിത്രങ്ങളിൽ നായികയായി തിളങ്ങുമ്പോഴാണ് സ്വയംവരത്തിൽ അഭിനയിക്കുന്നത്. കൊമേഴ്സ്യൽ സിനിമകളുടെ ഭാഗമായതിനാൽ മധുസാറും ഞാനും കഥാപാത്രമായി മാറുമ്പോൾ കുറച്ചു അമിതാഭിനയം ഉണ്ടാവാം. സ്വയംവരത്തിനു വേണ്ടത് അനായാസമായ അഭിനയം. അടൂർ സാർ തന്ന നിർദ്ദേശം ഉൾക്കൊള്ളാൻ കഴിഞ്ഞതിനാൽ കഥാപാത്രമായി പെട്ടെന്ന് മാറാൻ സാധിച്ചു.സംവിധായകന്റെ നിർദ്ദേശം പോലെ അഭിനയിക്കാൻ സാധിക്കുന്നതാണ് ഒരു നടനും നടിക്കും ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷം. മലയാളത്തിൽ നവതരംഗ സിനിമയുടെ തുടക്കം കുറിക്കാൻ പോവുന്ന സിനിമയുടെ ഭാഗമാണെന്ന് അപ്പോൾ കരുതിയില്ല.പ്രതിഭാധനനായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, ഛായാഗ്രഹണ കലയിൽ വിസ്മയം തീർത്ത മങ്കട രവിവർമ്മ, നായകൻ മധു. ഇവരുടെയെല്ലാം കൈയൊപ്പ് പതിഞ്ഞ സിനിമ. മികച്ച പ്രമേയമായതിനാൽ വേറിട്ട കഥ പറച്ചിൽ രീതിയായിരുന്നു.
സ്വയംവരത്തിൽ അഭിനയിക്കാനാണ് ആദ്യമായി തിരുവനന്തപുരത്ത് വരുന്നത്. ശക്തമായ കഥാപാത്രമാണ് സ്വയംവരത്തിലെ സീത. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും മുന്നൂറ്റി അമ്പതിലധികം സിനിമകളിൽ അഭിനയിച്ചു. എന്നാൽ സ്വയംവരം വേറിട്ടതാണ്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് രണ്ടാമത് സമ്മാനിച്ച ചിത്രം. അടൂർ ഗോപാലകൃഷ്ണന്റെ സിനിമയിൽ പിന്നീട് അഭിനയിച്ചു. സീതയെപ്പോലെ ശക്തയായിരുന്നു എലിപ്പത്തായത്തിലെ രാജമ്മ.
എന്നാൽ സീതയോട് ഇഷ്ടം കൂടുതലാണ്. അരനൂറ്റാണ്ട് എത്തുമ്പോഴും സ് നേഹം കുറയാതെ നിൽക്കുന്നു. സീത 50 വയസിൽ എത്തി.എനിക്ക് 77.