kettidam-kadukayariya-nil

കല്ലമ്പലം: കരവാരം പഞ്ചായത്ത് പരിധിയിൽ വഞ്ചിയൂർ ചന്തയ്ക്ക് സമീപം ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച അറവുശാല ഇന്ന് കന്നുകാലികൾക്ക് മേയാനൊരിടം മാത്രം. ചന്തയോടു ചേർന്ന് മിനി അറവുശാലയ്ക്കായി ആധുനിക രീതിയിൽ നിർമ്മിച്ച കെട്ടിടമാണ് കാടുകയറി നശിക്കുന്നത്. ആർക്കും അകത്തേക്ക് കടക്കാൻ പോലും കഴിയാത്ത വിധമാണ് കാടുമൂടി കിടക്കുന്നത്. ഇവിടെ കെട്ടിടം പണിതെങ്കിലും യന്ത്രങ്ങൾ സ്ഥാപിച്ച് പ്രവർത്തനം തുടങ്ങാൻ ഭരണസമിതിക്ക് കഴിഞ്ഞില്ല. ജില്ലാ പഞ്ചായത്ത് 2018 -19ലെ പദ്ധതിയിൽപ്പെടുത്തിയാണ് കെട്ടിടം നിർമ്മിച്ചത്. ശുചിത്വമിഷനും ജില്ലാ പഞ്ചായത്തും ചേർന്നാണ് പദ്ധതി കൊണ്ടുവന്നത്. സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡ പ്രകാരമായിരുന്നു കെട്ടിടത്തിന്റെ നിർമ്മാണം. 2022 മാർച്ചിലാണ് നിർമാണം പൂർത്തിയായത്. കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഇറ്റാലിയൻ യന്ത്രണങ്ങൾ ഇവിടെ സ്ഥാപിക്കാനായിരുന്നു തീരുമാനം. മൃഗ ഡോക്ടർ പരിശോധിച്ച് ഉറപ്പുവരുത്തിയ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിലൂടെ വൃത്തിയുള്ള മാംസം ജനങ്ങളിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.

 ആരോഗ്യ പ്രശ്നങ്ങളും

മേഖലയിലെ ഏറ്റവും വലിയ ചന്തയായ വഞ്ചിയൂരിൽ നിലവിൽ അറവ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ നീക്കം ചെയ്യാത്തത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികൾ പാളിയതോടെയാണ് മാലിന്യ പ്രശ്നങ്ങൾ സങ്കീർണ്ണമായത്. ലക്ഷങ്ങൾ ചെലവഴിച്ചു നടത്തിയ പ്രവർത്തനങ്ങൾ എല്ലാം നിലച്ചു. അറവുശാല പ്രവർത്തനസജ്ജമായാൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും വലിയ അറവുശാലയായി ഇത് മാറും.

 പോരായ്മകൾ നിരവധി

ചിറയിൻകീഴ് താലൂക്കിൽ ഏറ്റവും കൂടുതൽ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് വഞ്ചിയൂർ ചന്തയിലാണ്. അറവുശാല ഉണ്ടായിരുന്നെങ്കിലും അതിന് പോരായ്മകൾ നിരവധിയായിരുന്നു. തുടർന്നാണ് ആധുനിക രീതിയിലുള്ള മിനി അറവുശാല നിർമിക്കാൻ മുൻ പഞ്ചായത്ത്‌ ഭരണസമിതി തീരുമാനിച്ചത്. പദ്ധതി പ്രവർത്തികമാക്കാൻ ഫണ്ട് ഉണ്ടായിട്ടും നിലവിലെ ഭരണസമിതിയും മുൻകൈ എടുക്കുന്നില്ലെന്നാണ് ആക്ഷേപം.