kshethra-preveshana-vilam

കല്ലമ്പലം: ഒരു കാലഘട്ടത്തിന്റെ ഓർമ്മയായി നിലകൊള്ളുന്ന നാവായിക്കുളത്തെ ചരിത്ര സ്മാരകമായ ക്ഷേത്രപ്രവേശന വിളംബര സ്തൂപം സംരക്ഷിക്കണമെന്ന ആവശ്യം ശക്തം. നാവായിക്കുളം ശങ്കരനാരായണസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ പഴയ ദേശീയ പാതയോരത്താണ് വിളംബര സ്തൂപം സ്ഥാപിച്ചിട്ടുള്ളത്. ദേശീയപാത വികസനം വരുന്നതിനാലാണ് ഇതിന്റെ നിലനിൽപ്പിനെക്കുറിച്ച് ആശങ്ക ഉയരുന്നത്. ചരിത്രപ്രധാനവും പൈതൃക പ്രാധാന്യവുമുള്ള പല സ്തൂപങ്ങളും ദേശീയപാത വികസനത്തിന്റെ ഭാഗമായി അപ്രത്യക്ഷമായതാണ് ചരിത്രം. കായംകുളം പാത വികസനത്തിനിടെ കെ.പി.എസ്.സിയുടെ സ്തൂപം തകർത്തത് വിവാദമായിരുന്നു. ഇത്തരം ഒരു അവസ്ഥ ഇവിടത്തെ ക്ഷേത്രപ്രവേശന സ്തൂപത്തിന് വരാതിരിക്കാൻ തുടക്കത്തിൽ തന്നെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്തൂപം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും സാംസ്കാരിക സംഘടനയായ മലയാളവേദിയും കളക്ടർ ഉൾപ്പെടെയുള്ളവർക്ക് നിവേദനങ്ങൾ നൽകിയിട്ടുണ്ട്.

കരിങ്കല്ലിൽ തീർത്ത വിളംബര സ്തൂപം

1936 നവംബർ 12ന് തിരുവിതാംകൂർ ചിത്തിര തിരുനാൾ ബാലരാമവർമ്മയാണ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്. ജില്ലയിൽ തിരുവനന്തപുരത്തിന് പുറമെ നാവായിക്കുളത്തു മാത്രമാണ് ഇത്തരത്തിൽ ഒരു സ്മാരകശിലയുള്ളത്. പത്തടി ഉയരമുള്ള കരിങ്കൽ സ്തൂപത്തിന് മുകളിൽ ക്ഷേത്രപ്രവേശന വിളംബരം എന്ന് മലയാളത്തിലും ഇംഗ്ലീഷിലും കൊത്തിവച്ചിട്ടുണ്ട്. ശ്രീപദ്മനാഭസ്വാമിയുടെ ചെറിയ രൂപവും ഇതിലുണ്ട്.

അല്പം ചരിത്രം

രാജഭരണകാലത്തെ പ്രശസ്ത ശില്പികളായ ചിന്നുവും വേലുആചാരിയുമാണ് ഇതിന്റെ ശില്പികൾ. തിരുവിതാംകൂറിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് നാവായിക്കുളം ശങ്കരനാരായണസ്വാമി ക്ഷേത്രം. അക്കാലത്ത് ക്ഷേത്രത്തിനുള്ളിലും പരിസരത്തും സവർണർക്ക് മാത്രമേ സഞ്ചാരസ്വാതന്ത്ര്യം ഉണ്ടായിരുന്നുള്ളൂ. അതിനാലാണ് മഹാരാജാവിന്റെ നിർദ്ദേശപ്രകാരം ക്ഷേത്രപ്രവേശന വിളംബര സ്തൂപം നാവായിക്കുളത്ത് സ്ഥാപിച്ചതെന്ന് പഴമക്കാർ പറയുന്നു. വിളംബര സ്തൂപം വന്നതോടെ ഈ സ്ഥലത്തിന്റെ പേരും സ്റ്റാച്യു ജംഗ്ഷൻ എന്നായി.