
കേരളത്തിൽ ദിനംപ്രതി പ്രമേഹരോഗികളുടെ എണ്ണം കൂടിവരികയാണ്. കുട്ടികൾവരെ പ്രമേഹരോഗത്തിന്റെ പിടിയിലമരുന്നത് സാധാരണമായിരിക്കുന്നു. സംസ്ഥാനത്ത് പ്രമേഹരോഗികൾ 24 ശതമാനത്തിലേറെയെന്നാണ് കണക്കാക്കുന്നത്. നാലിലൊരാൾക്ക് വീതം പ്രമേഹമുണ്ടെന്നും ചില കണക്കുകൾ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എൻഡോക്രൈനോളജി വിഭാഗം നടത്തിയ പഠനത്തിൽ 10നും 30 ഇടയിൽ പ്രായമുള്ള 27 ശതമാനം യുവാക്കൾ രോഗികളാണെന്നും ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഗുരുതരമായ സ്ഥിതിയാണിത്. പല രോഗങ്ങൾക്കുമുള്ള അടിസ്ഥാന കാരണവും പ്രമേഹമാണ്.
ആധുനിക ജീവിതശൈലിയുടെ വൈകല്യങ്ങളാണ് ഇങ്ങനെയൊരു അവസ്ഥയ്ക്ക് ഇടയാക്കുന്നത്. പരമ്പരാഗത ആഹാരരീതിയിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. വീട്ടിൽനിന്നുള്ള ആഹാരം ഒരു നേരമായി ചുരുക്കിയിരിക്കുന്നു പലരും. ഫുഡ് ഓർഡർ ചെയ്ത് വരുത്തി കഴിക്കുന്നത് മദ്ധ്യവർഗ കുടുംബങ്ങളുടെ ശീലവുമായി മാറിയിരിക്കുന്നു. വൈകി ഉറങ്ങുന്നതും വ്യായാമം ഉപേക്ഷിക്കുന്നതും പ്രമേഹത്തിന്റെ കാര്യത്തിൽ ഒരു കുതിച്ചുചാട്ടത്തിന് തന്നെ ഇടയാക്കിയിരിക്കുന്നു. ബോധവത്ക്കരണം കൊണ്ട് മാത്രം തടയാനാവുന്നതല്ലിത്. പോളിയോ നിർമ്മാർജ്ജനത്തിനും മറ്റും സർക്കാർതലത്തിൽ കൈക്കൊണ്ട കർമ്മപദ്ധതികൾക്ക് സമാനമായവ പ്രമേഹത്തെ തടയാനും ആവശ്യമാണ്.
കഴിഞ്ഞ സാമ്പത്തികവർഷത്തെ ശരാശരി കണക്ക് പ്രകാരം 15,000 കോടിയുടെ മരുന്നുകളാണ് സംസ്ഥാനത്ത് വിറ്റഴിയുന്നത്. ഇതിൽ 2000 കോടിയുടെ മരുന്നും പ്രമേഹരോഗികളാണ് വാങ്ങുന്നത്. ഇൻസുലിനും ഗുളികകളും ഉൾപ്പെടെയാണിത്.
സംസ്ഥാനത്ത് വില്പനയിൽ ഒന്നാംസ്ഥാനത്ത് ഹൃദ്രോഗ മരുന്നുകളാണ്. രണ്ടാംസ്ഥാനം പ്രമേഹ നിയന്ത്രണ മരുന്നുകൾക്കാണ്. കേരളത്തിൽ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന കാരണം പ്രമേഹ സങ്കീർണതയാണെന്ന് വിദഗ്ദ്ധ ഡോക്ടർമാർ പലതവണ ആവർത്തിച്ചിട്ടുള്ളതാണ്. മറ്റെന്തെല്ലാം വികസനമുണ്ടായാലും ആരോഗ്യമില്ലാത്ത ഒരു തലമുറ വളർന്നുവരുന്നത് സർവനേട്ടങ്ങളെയും നിഷ്‌പ്രഭമാക്കും. അതിനാൽ ഭക്ഷണ നിയന്ത്രണവും ചിട്ടയായ വ്യായാമവും സംബന്ധിച്ച പാഠങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമായിത്തന്നെ പകർന്ന് നൽകണം. പ്രമേഹരോഗികളുടെ വർദ്ധനവിനൊപ്പം പ്രമേഹം വരാൻ സാദ്ധ്യതയുള്ളവരുടെ ശതമാനത്തിലും വർദ്ധനയുണ്ടായിരിക്കുന്നത് ആശങ്കാജനകമാണ്. അതിനാൽ പ്രമേഹം മുൻകൂട്ടിക്കണ്ട് നിയന്ത്രിക്കുന്നതിന് സംസ്ഥാന ആരോഗ്യവകുപ്പ് ചില കർമ്മപരിപാടികൾക്ക് രൂപം നൽകിയത് ഈ അവസരത്തിൽ തികച്ചും സ്വാഗതാർഹമാണ്. രോഗനിർണയത്തിലെ കാലതാമസമാണ് പ്രമേഹം സങ്കീർണമാക്കുന്നത്. ഇത് ഒഴിവാക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മെറ്റബോളിക് സെന്ററുകൾ തുടങ്ങാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പ്രമേഹത്തിന്റെ സങ്കീർണതകളായ ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് നെഫ്രോപ്പതി തുടങ്ങിയ രോഗങ്ങൾ മുൻകൂട്ടിക്കണ്ട് നിയന്ത്രിക്കുകയാണ് സെന്ററുകളുടെ ലക്ഷ്യം. എറണാകുളം ജനറൽ ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സെന്റർ വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിലുടനീളം വ്യാപിപ്പിക്കുന്നത്. അങ്ങനെ വരുമ്പോൾ പ്രമേഹവും അനുബന്ധ പരിശോധനകളും ഒരു കുടക്കീഴിൽ ലഭ്യമാക്കി ചികിത്സ ഉറപ്പാക്കാനാവും. വൃക്കകളുടെ കാര്യക്ഷമത വിലയിരുത്തലും ഇതേ കേന്ദ്രങ്ങളിലൂടെ നടത്തപ്പെടും. ഇത്തരം സെന്ററുകൾ പ്രമേഹരോഗികളുടെ എണ്ണം കണക്കാക്കുമ്പോൾ ജില്ലയിൽ മാത്രം ആയാൽ പോരാ. എല്ലാ താലൂക്ക് കേന്ദ്രീകരിച്ചും ഭാവിയിൽ ആരോഗ്യവകുപ്പ് ഇത്തരം കേന്ദ്രങ്ങൾ തുറക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. അതുപോലെതന്നെ പ്രമേഹരോഗത്തെക്കുറിച്ച് ശരിയായ അറിവുകൾ രോഗികൾക്ക് നൽകാനുള്ള സംസ്ഥാന വ്യാപകമായ ബോധവത്‌കരണ യത്നങ്ങൾക്കും സർക്കാർ മുൻതൂക്കം നൽകണം. ഏതുവിധേനയും പ്രമേഹരോഗത്തെ നിയന്ത്രണവിധേയമാക്കേണ്ടത് നമ്മുടെ നാടിന്റെ ആവശ്യമാണ്.