tholikkod

വിതുര: പഞ്ചായത്ത് പ്രസിഡന്റും,ഭരണകക്ഷിഅംഗങ്ങളും എത്താൻ വൈകിയെന്നാരോപിച്ച് തൊളിക്കോട് പഞ്ചായത്തിൽ പ്രതിപക്ഷഅംഗങ്ങൾ പഞ്ചായത്ത്കമ്മിറ്റിയോഗം ചേർന്നു.ഇന്നലെ രാവിലെ 9.30നാണ് പഞ്ചായത്ത്കമ്മിറ്റി യോഗം കൂടാൻ തീരുമാനിച്ചിരുന്നത്.എന്നാൽ നിശ്ചിതസമയം കഴിഞ്ഞിട്ടും പ്രസിഡന്റും,ഭരണകക്ഷിഅംഗങ്ങളും എത്തിയില്ലെന്നും ഇതിനെ തുടർന്നാണ് സെക്രട്ടറിയുടെ റൂമിൽ യോഗം ചേർന്നതെന്നും പ്രതിപക്ഷകക്ഷി നേതാവ് തോട്ടുമുക്ക് അൻസർ അറിയിച്ചു.കോൺഗ്രസ് അംഗങ്ങളായ ചായം സുധാകരൻ,എൻ.എസ്.ഹാഷിം,ഷെമിഷംനാദ്,പ്രതാപൻ,അൻസർ എന്നിവരും,ബി.ജെ.പി അംഗം തച്ചൻകോട് വേണുഗോപാൽ, എസ്.ഡി.പി.ഐ അംഗം ഫസീലാഅഷ്ക്കർ എന്നിവരും കമ്മിറ്റിയിൽ പങ്കെടുത്തു.

അതേസമയം ഒരു മരണ വീട്ടിൽ പോയതിനാലാണ് നിശ്ചിതസമയത്ത് കമ്മിറ്റികൂടാൻ കഴിയാതിരുന്നതെന്നും,അധികം വൈകിയില്ലെന്നുമാണ് ഭരണകക്ഷിയംഗങ്ങൾ പറയുന്നത്.ഏതായാലും ഒടുവിൽ കുറച്ച് വൈകിയെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷും ഭരണകക്ഷിഅംഗങ്ങളും പഞ്ചായത്തിലെത്തി കമ്മിറ്റി നടത്തി.പ്രതിപക്ഷഅംഗങ്ങൾ കമ്മിറ്റിയിൽ പങ്കെടുത്തില്ല. നിശ്ചിതസമയത്ത് പഞ്ചായത്ത് കമ്മിറ്റിയോഗം നടത്താതിരുന്ന പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകുമെന്നും,ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രതിപക്ഷഅംഗങ്ങൾ എന്നിവർ അറിയിച്ചു.